കണ്ണൂര്‍
നുണപ്രചരണം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ തനിക്കും പലതും തുറന്നു പറയേണ്ടി വരുമെന്ന് ഡിവൈഎഫ്ഐ യ്ക്ക് ഭീഷണിയുമായി ആകാശ് തില്ലങ്കരിയുടെ പ്രതികരണം. ഒറ്റ രാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്നും വാര്‍ത്താസമ്മേളനം നടത്തി എല്ലാം വെളിപ്പെടുത്തുമെന്നും ഫേസ്ബുക്കില്‍ പറയുന്നു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ താനടക്കമുള്ളവരെ തള്ളിപ്പറഞ്ഞ ഡി.വൈ.എഫ്.ഐ നേതൃത്വത്തിനെതിരെയാണ് ആകാശ് തില്ലങ്കരിയുടെ മുന്നറിയിപ്പ്. ഇല്ലാക്കഥകള്‍ പറഞ്ഞാല്‍ തനിക്കും പലതും പരസ്യമായി തുറന്നു പറയേണ്ടി വരുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഭീഷണിപ്പെടുത്തുന്നു. രക്തസാക്ഷികളെ ഒറ്റിക്കൊടുത്തവര്‍ ആരായാലും അവരുടെ പേര് വെളിപ്പെടുത്തണം. താനാണ് കുറ്റവാളിയെങ്കില്‍ തെരുവില്‍ വന്ന് നില്‍ക്കാം. നിങ്ങള്‍ക്കെന്നെ എറിഞ്ഞുകൊല്ലാവുന്നതാണ്. അല്ലാതെ ഇല്ലാക്കഥകള്‍ പറയരുതെന്നും പറയുന്നു. ആകാശ് തില്ലങ്കേരി അവസാനമിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിന് അടിയില്‍ സവാദ് എന്നയാളുടെ ഒരു കമന്റിന് മറുപടിയായാണ് കുറിപ്പ്.
കുറ്റപ്പെടുത്തുന്നവരെ തെറ്റുപറയാനാവില്ലെന്നും ഉത്തരവാദപ്പെട്ടവര്‍ തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ബാബുവേട്ടന്റെ കൊലയാളികളുടെ കൂടെ കൊട്ടേഷന്‍ നടത്തി എന്ന് പോസ്റ്റുകള്‍ ഇടുമ്പോള്‍ ആരായാലും ഇതുപോലെ പ്രതികരിച്ചുപോവും. ഇത് ഒരു തരം വൈകാരികത ഇളക്കിവിടലാണ്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ആവുമ്പോള്‍ പറയുന്നതില്‍ ആധികാരികതയുണ്ടെന്ന് ധരിച്ചുപോവും.
ഷുഹൈബ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടപ്പോള്‍ തന്നെ പാര്‍ട്ടി പുറത്താക്കിയതാണ്. അത് എല്ലാവര്‍ക്കും ബോദ്ധ്യമുള്ള കാര്യമാണ്. അന്നു മുതല്‍ താന്‍ ചെയ്യുന്ന ഏതൊരു കാര്യത്തിനും പാര്‍ട്ടിക്ക് ഉത്തരവാദിത്വം ഏല്‍ക്കേണ്ട ബാദ്ധ്യത ഇല്ലെന്നും എന്നാല്‍ ഒറ്റ രാത്രി കൊണ്ടു ഒറ്റുകാരനാക്കുന്ന പ്രവണത പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ എന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും പറയുന്നു. സ്വര്‍ണക്കടത്തില്‍ ആരോപണ വിധേയരായ അര്‍ജ്ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു.
അതേസമയം സി.പി.എം ജില്ലാ നേതൃത്വവും കൊട്ടേഷന്‍ സംഘങ്ങളെന്ന പേരില്‍ ഇവരെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ ആണ് പ്രതികരണം സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയത്. ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ക്വട്ടേഷൻ സംഘങ്ങളുടെ ലക്ഷ്യം ഏതുവിധേനയും പണമുണ്ടാക്കുക മാത്രമാണെന്നും ക്വട്ടേഷന് രാഷ്ട്രീയമില്ലെന്നും ഇത്തരം എളുപ്പവഴികളെ ആശ്രയിക്കാതെ അധ്യാനിച്ച് പണമുണ്ടാക്കാൻ നമ്മുടെ ചെറുപ്പക്കാർ പഠിക്കണമെന്നും ആയിരുന്നു സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ കണ്ണൂരില്‍ പറഞ്ഞത്.