എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. പ്രതി ജിതിന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ സംഘം കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തിന് സമീപം കഠിനംകുളത്ത് നിന്നുമാണ് ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തിയത്. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഡ്രൈവറുടേതാണ് ഈ വാഹനം.
എകെജി സെന്ററില്‍ സ്ഫോടക വസ്തു എറിഞ്ഞത് ജിതിനാണെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. നേരത്തെ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ്റിപ്ര, മേനംകുളം, കഴക്കൂട്ടം ഭാഗത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സംഭവത്തില്‍ ജിതിന്റെ പേര് പ്രാരംഭഘട്ടത്തില്‍ ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും തെളിവുകള്‍ ശേഖരിക്കുന്ന ശ്രമങ്ങളിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. സ്‌കൂട്ടര്‍ കസ്റ്റഡിയില്‍ എടുത്തതോടെ സുപ്രധാന നീക്കമാണ് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്. നിലവില്‍ വാഹനം ക്രൈംബ്രാഞ്ച് ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്കെതിരെ ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ടെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും അതിനാല്‍ ജിതിന് ജാമ്യം നല്‍കരുതെന്നുമുളള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നടപടി.