ഹത്രാസ് കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. സംഭവത്തിന് ശേഷം മാസങ്ങള്‍ കഴിഞ്ഞിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്ത ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലസ്കറിനെ തലസ്ഥാനത്ത് നീന്നും നീക്കാത്തതെന്തെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.
കേസ് അന്വേഷണം നീളുന്ന സാഹചര്യത്തിലും അദ്ദേഹത്തെ ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് ശരിയായ നടപടിയാണോ എന്നും കോടതി ചോദിച്ചു. അര്‍ധരാത്രിയില്‍ വീട്ടുകാര്‍ പോലും അറിയാതെ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പൊലീസുകാര്‍ കത്തിച്ച സംഭവത്തില്‍ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥനാണ് പ്രവീണ്‍ കുമാര്‍. സംഭവം കഴിഞ്ഞ് നാളിത്രയായിട്ടും അന്വേഷണം വൈകുന്നു. ഈ സാഹചര്യത്തിലും അദ്ദേഹത്തെ മാറ്റാത്തതില്‍ കഴിഞ്ഞ തവണയും അലഹബാദ് ഹൈക്കോടതി യുപി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.
ജില്ലാ മജിസ്ട്രേറ്റിനെ മാറ്റുന്ന കാര്യത്തില്‍ അന്വേഷിച്ച് വേണ്ട നടപടികളെടുക്കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ മറുപടി പറയുകയും ചെയ്തിരുന്നു.
അതേസമയം പ്രവീണ്‍ കുമാര്‍ തന്നെയാണ് നിലവിലെ ജില്ലാ മജിസ്ട്രേറ്റ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അടുത്ത വാദത്തില്‍ തന്നെ സര്‍ക്കാരിന്റെ മറുപടി കോടതിയെ അറിയിക്കാമെന്ന് യുപി സര്‍ക്കാരനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു പറഞ്ഞു. സിബിഐ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ടും അടുത്ത വാദത്തില്‍ സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണം പൂര്‍ത്തിയാകാന്‍ ഏകദേശം എത്ര ദിവസമെടുക്കുമെന്ന് സിബിഐയോട് കോടതി ആരാഞ്ഞു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം നല്‍കി വരുന്ന സുരക്ഷയുടെ സ്വഭാവം സംബന്ധിച്ചുള്ള സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സിആര്‍പിഎഫിലെ ഉന്നത ഉദ്യോഗസ്ഥനോട് കോടതി നിര്‍ദ്ദേശിച്ചു.
രാത്രിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ച സംഭവത്തില്‍ എസ്എസ്‌പി വിക്രാന്ത് വീര്‍, ജില്ലാ മജിസ്ട്രേറ്റ് പ്രവീണ്‍ കുമാര്‍ എന്നിവരുടെ ഭാഗവും കോടതി രേഖപ്പെടുത്തി.