Sunday, November 24, 2024
HomeNewsKeralaഭാര്യയെ ഒഴിവാക്കി തന്നെ കെട്ടണം, ഇല്ലെങ്കില്‍ ക്വാര്‍ട്ടേഴ്സില്‍ വന്ന് താമസിയ്ക്കുമെന്ന് ഭീഷണി; ആലപ്പുഴ കൂട്ട ആത്മഹത്യയില്‍...

ഭാര്യയെ ഒഴിവാക്കി തന്നെ കെട്ടണം, ഇല്ലെങ്കില്‍ ക്വാര്‍ട്ടേഴ്സില്‍ വന്ന് താമസിയ്ക്കുമെന്ന് ഭീഷണി; ആലപ്പുഴ കൂട്ട ആത്മഹത്യയില്‍ പോലീസുകാരന്റെ കാമുകി അറസ്റ്റില്‍

പൊലീസ് ക്വട്ടേഴ്സില്‍ മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസുകാരനായ ഭര്‍ത്താവിന്റെ കാമുകി അറസ്റ്റില്‍.
കോളജ് വിദ്യാര്‍ഥിനിയായ 24കാരി ഷഹാനയെയാണ് ആത്മഹത്യാപ്രേരണക്കുറ്റത്തിന്റെ പേരില്‍ അറസ്റ്റുചെയ്തത്. ഇവരെ റിമാന്‍ഡു ചെയ്തു.

വിവാഹംകഴിക്കാന്‍ ഷഹാന റെനീസിനെ സമ്മര്‍ദം ചെലുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. അതിനായി നജ്‌ലയും മക്കളും ഒഴിഞ്ഞുനല്‍കണമെന്നതായിരുന്നു ഇവരുടെയാവശ്യം. ഇല്ലെങ്കില്‍, റെനീസിന്റെ ഭാര്യയായി ക്വാര്‍ട്ടേഴ്സില്‍ വന്നു താമസിക്കുമെന്ന് നജ്ലയെ ഭീഷണിപ്പെടുത്തി. നജ്‌ല ആത്മഹത്യചെയ്ത ദിവസവും ഷഹാന ക്വാട്ടേഴ്സിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതു നജ്ലയെ കടുത്ത മാനസികസംഘര്‍ഷത്തിലും ദുഃഖത്തിലുമാഴ്ത്തിയതായി പൊലീസ് പറഞ്ഞു. ഷഹാനയ്ക്കു റെനീസിന്റെ പിന്തുണയുമുണ്ടായിരുന്നു.

അടുത്ത ബന്ധുക്കളായ ഷഹാനയും റെനീസും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഒന്നരവര്‍ഷം മുന്‍പ്, ഷഹാനയ്ക്കുവന്ന വിവാഹാലോചന ഇരുവരും ചേര്‍ന്നു മുടക്കി. തുടര്‍ന്ന്, വീട്ടുകാരുമായി പിണങ്ങി ഷഹാന, റെനീസിന്റെ ബന്ധുവീട്ടില്‍ കഴിയുകയായിരുന്നു. പിന്നീട്, സ്വന്തം ബന്ധുവീട്ടിലേക്കു മാറി.

വണ്ടാനം മെഡിക്കല്‍കോളജ് പൊലീസ് എയ്ഡ്പോസ്റ്റിലെ സിവില്‍ പോലീസ് ഓഫീസറായിരുന്നു റെനീസ്. സംഭവത്തിനുശേഷം സസ്പെന്‍ഷനിലായ ഇയാള്‍ ജയിലിലാണ്. മേയ് പത്തിനാണ് നജ്ലയെയും മക്കളെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷം നജ്ല തൂങ്ങിമരിക്കുകയായിരുന്നു.

റെനീസിന്റെ നിരന്തരമുള്ള മാനസിക, ശാരീരിക പീഡനമാണ് ആത്മഹത്യക്കു കാരണമായതെന്നായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. 10 വര്‍ഷം മുന്‍പുനടന്ന ഇവരുടെ വിവാഹത്തിനു സ്ത്രീധനമായി 40 പവനും 10 ലക്ഷം രൂപയും ബൈക്കും നല്‍കിയിരുന്നു. കൂടുതല്‍ പണമാവശ്യപ്പെട്ട് നജ്ലയെ ബുദ്ധിമുട്ടിച്ചിരുന്നു. പലതവണ നജ്ലയെ സ്വന്തം വീട്ടിലേക്കു പറഞ്ഞയച്ചിരുന്നു.

സ്ത്രീധനത്തിനുപുറമേ പലപ്പോഴായി വന്‍തുക റെനീസ് വാങ്ങിയെന്നും പൊലീസ് കണ്ടെത്തി. പ്രശ്നങ്ങള്‍ പുറത്തറിയാതിരിക്കാന്‍ ഫോണ്‍ നല്‍കിയിരുന്നില്ല. പുറത്തുപോകുമ്പോള്‍ നജ്ലയെ മുറിയില്‍ പൂട്ടിയിട്ടിരുന്നു. റെനീസിന് വട്ടിപ്പലിശ ഇടപാടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈടായി വാങ്ങിയ ഭൂമിയുടെ രേഖകള്‍, ചെക്ക് ലീഫുകള്‍, ബോണ്ട്‌പേപ്പര്‍ എന്നിവയടങ്ങിയ ബാഗ് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments