വിഴിഞ്ഞം: യാസെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പേമാരിയില്‍ പെട്ട് തകര്‍ന്ന വീട് തട്ടിക്കൂട്ടുന്ന തിരക്കിലും പുല്ലുവിള ഇരയിമ്മന്‍തുറ പുരയിടത്തില്‍ ആന്റണിയും-സര്‍ജിയും ആവേശത്തിലാണ്. തന്റെ മകന് കൈവന്ന ഭാഗ്യം സഫലമാകണമെന്ന പ്രാര്‍ത്ഥനയും മനക്കരുത്തായുണ്ട്.. ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടിമെഡല്‍ നേടാന്‍ മകന്‍ അലക്‌സ് ആന്റണി, പോരാട്ടത്തിനിറങ്ങുന്നതിനായി പുല്ലുവിളയിലെ ഈ മത്സ്യത്തൊഴിലാളി കുടുംബം കാത്തിരിക്കയാണ്.അലക്‌സിന്റെ മെഡല്‍നേട്ടത്തിനായി. അലക്‌സ് ജോലി നോക്കുന്ന പഞ്ചാബിലെ എയര്‍ഫോഴ്‌സ് ക്യാമ്പില്‍ നിന്നും 28ന് തിരിക്കുകയാണ്. മിക്‌സഡ് റിലേയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ ഈ ഇരുപത്തിയേഴുകാരനൊപ്പംമാതാപിതാക്കളും നാട്ടുക്കാരും ഏറെ പ്രതീക്ഷയിലാണ് .
അത് ലറ്റിക്‌സില്‍ കേരളത്തിന്റെ യശസ്സുയര്‍ത്തിയ അലക്‌സ് തീരദേശ ഗ്രാമമായ പുല്ലുവിളയില്‍ ലിയോ തേര്‍ട്ടീന്ദ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം പന്ത് തട്ടി തുടക്കമിട്ട കായികരംഗത്ത് കരുത്തുമായി.തുടര്‍ന്ന് കാഞ്ഞിരംകുളം പി.കെ.എസ് സ്‌കൂളിലേക്ക് മാറിയതോടെ പരിശീലകനും ഗുരുവുമായ പ്രദീപ് കുമാര്‍, ഓട്ടത്തില്‍ 100, 200 മീറ്ററിലേക്കും പിന്നീട് റിലേയിലേക്കും മാര്‍ഗദര്‍ശിയായി. തുടര്‍ന്ന് തിരുവനന്തപുരം സായിയില്‍ പരിശീലകനായ നിഷാദ് കുമാര്‍ അലക്‌സിനെ ഓട്ടത്തില്‍ പ്രഫഷണല്‍ മികവിലെത്തിച്ചു.2013 ല്‍ ജൂനിയര്‍ റിലേയില്‍ വെങ്കലം നേടി. തുടര്‍ന്ന് 2014ല്‍ സീനിയര്‍ ക്യാമ്പിലേക്കു ചേക്കേറി .2019 ല്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ നേടിയ സ്വര്‍ണ്ണവും കൊണ്ട് ലോക ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ രാജ്യത്തിനായി 4ഃ400 റിലേയിലും ഓടി. ഇനി രാജ്യത്തിനായി ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യം വച്ചാണ് അലക്‌സ് കുതിക്കുന്നത്.പുല്ലുവിളയില്‍ പാവപ്പെട്ടൊരു മല്‍സ്യതൊഴിലാളി കുടുംബത്തില്‍ ജനിച്ച അലക്‌സിന് ഭക്ഷ്യവിഷബാധയേറ്റ് ശരീരവും മനസും ക്ഷീണിച്ചെങ്കിലും ട്രയല്‍സില്‍ ഇതെല്ലാം പിന്നിട്ട് മികവു തെളിയിച്ചു. പുല്ലുവിള കടല്‍ത്തീരത്ത് പന്ത് തട്ടി തുടക്കമിട്ട കായിക രംഗത്ത് മകന്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു നില്‍ക്കുമ്പോള്‍, മത്സ്യത്തൊഴിലാളികളായ മാതാപിതാക്കള്‍ അണമുറിയാത്ത ആവേശത്തിലാണ്. കഷ്ടപ്പെട്ട് കടലില്‍ പോയ കുട്ടിക്കാലത്തും അലക്‌സ് ആത്മവിശ്വാസത്തിലായിരുന്നു. തകര്‍ന്ന വീട് ശരിയാക്കുന്നതിനാല്‍ തൊട്ടടുത്ത സഹോദരി അനീഷയുടെ വീട്ടിലാണ് സഹോദരന്‍ അനിലില്‍ ഉള്‍പ്പെടെ കുടുംബത്തിന്റെ താമസം