Friday, November 22, 2024
HomeNewsജര്‍മനിയുടെ ആറാം സീഡ്‌ അലക്‌സാണ്ടര്‍ സ്വരേവ്‌ ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടിൽ

ജര്‍മനിയുടെ ആറാം സീഡ്‌ അലക്‌സാണ്ടര്‍ സ്വരേവ്‌ ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടിൽ

ജര്‍മനിയുടെ ആറാം സീഡ്‌ അലക്‌സാണ്ടര്‍ സ്വരേവ്‌ ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടിലെത്തി. പുരുഷ സിംഗിള്‍സ്‌ രണ്ടാം റൗണ്ടില്‍ റഷ്യയുടെ ക്വാളിഫയര്‍ റോമന്‍ സാഫിയുലിനെയാണു സ്വരേവ്‌ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 7-6 (4), 6-3, 7-6 (1).
ലോക 182-ാം റാങ്കുകാരനായ റോമന്‍ ഒന്നാം സെറ്റില്‍ സ്വരേവിനെ വെള്ളം കുടിപ്പിച്ചു. ബേസ്‌ ലൈനില്‍നിന്നുള്ള ഇരുവരുടെയും പോരാട്ടം ആവേശകരമായി. 11-ാം ഗെയിമിലാണു സ്വരേവിന്‌ ബ്രേക്ക്‌ ചെയ്യാനായത്‌. ടൈ ബ്രേക്കറി രണ്ട്‌ ഡബിള്‍ ഫാള്‍ട്ടുകള്‍ വരുത്തിയ സ്വരേവ്‌ റോമന്‌ സെറ്റ്‌ അടിയറ വയ്‌ക്കുന്ന ഘട്ടംവരെയെത്തി.
തുടരന്‍ എയ്‌സുകളിലൂടെയാണു ജര്‍മന്‍ താരം തിരിച്ചുവന്നത്‌. അഡ്‌വാന്റേജ്‌ തിരിച്ചു പിടിച്ച സ്വരേവ്‌ സെറ്റും സ്വന്തമാക്കി. രണ്ടാം സെറ്റുകളിലും സ്വരേവിനെ ഡബിള്‍ ഫാള്‍ട്ടുകള്‍ വലച്ചു. ജര്‍മന്‍ താരം നിരാശയില്‍ റാക്കറ്റ്‌ വലിച്ചെറിയുക വരെയുണ്ടായി. ഡബിള്‍ ഫാള്‍ട്ടുകളുടെ പോരായ്‌മ തകര്‍പ്പന്‍ എയ്‌സുകളിലൂടെയാണു സ്വരേവ്‌ മറികടന്നത്‌. സെര്‍ബിയയുടെ ലാസ്‌ലോ ദിജാരും മിയോമോര്‍ കെസ്‌മാനോവിച്ചും തമ്മില്‍ നടക്കുന്ന മത്സരത്തിലെ ജേതാവിനെയാണു മൂന്നാം റൗണ്ടില്‍ സ്വരേവ്‌ നേരിടുക.
ഓസ്‌ട്രേലിയയുടെ അലക്‌സെയി പോപ്‌റിനെ തോല്‍പ്പിച്ച്‌ സ്‌പെയിന്റെ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍ കടന്നു. ഫ്രഞ്ച്‌ ഓപ്പണില്‍ 14-ാം കിരീടമാണു നദാല്‍ ലക്ഷ്യമിടുന്നത്‌. ഒന്നാം റൗണ്ടിലെ ആദ്യ സെറ്റുകളില്‍ നദാല്‍ പരീക്ഷിക്കപ്പെട്ടില്ല. മൂന്നാം സെറ്റിലാണ്‌ അലക്‌സെയി പൊരുതിയത്‌. 5-2 നു മുന്നില്‍നിന്ന ശേഷമാണു നദാല്‍ സെറ്റ്‌ ടൈ ബ്രേക്കറിലെത്തിച്ചത്‌. സ്‌പാനിഷ്‌ മുന്‍ ലോക ഒന്നാം നമ്പറിന്റെ ഫ്രഞ്ച്‌ ഓപ്പണിലെ 101-ാം ജയമായിരുന്നു അത്‌. കരിയറില്‍ രണ്ടുവട്ടം മാത്രമാണ്‌ നദാല്‍ ഇവിടെ തോറ്റത്‌ (2009 ല്‍ റോബിന്‍ സോഡര്‍ലിങിനെതിരേയും 2015 ല്‍ നോവാക്‌ ജോക്കോവിച്ചിനെതിരേയും). ഇവിടെ കിരീടം നേടിയാല്‍ നദാലിന്‌ റോജര്‍ ഫെഡററിനെ മറികടന്ന്‌ 21 ഗ്രാന്‍സ്ലാമുകളെന്ന നേട്ടം കുറിക്കാം.
രണ്ടാം റൗണ്ടില്‍ ഫ്രാന്‍സിന്റെ റിച്ചാഡ്‌ ഗസ്‌റ്റ്വകാണ്‌ നദാലിനെ നേരിടുന്നത്‌. ഗസ്‌റ്റ്വകിനെതിരേ കളിച്ച 12 മത്സരങ്ങളിലും നദാലിനായിരുന്നു ജയം. സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ നോവാക്‌ ജോക്കോവിച്ച്‌ യു.എസിന്റെ ടെന്നിസ്‌ സാന്‍ഡ്‌ഗ്രനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ച്‌ രണ്ടാം റൗണ്ടിലെത്തി. സ്‌കോര്‍: 6-2, 6-4, 6-2.
ഫിലിപ്പ്‌ ചാട്രിയര്‍ കോര്‍ട്ടില്‍ പ്രാദേശിക സമയം രാത്രി ഒന്‍പത്‌ മുതല്‍ നടന്ന മത്സരത്തിനു കാണികളില്ലായിരുന്നു. 2016 ലാണു സെര്‍ബിയന്‍ താരം കരിയറിലെ ഏക ഫ്രഞ്ച്‌ ഓപ്പണ്‍ നേടിയത്‌. 19-ാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിടുന്ന ജോക്കോവിച്ച്‌ ഇന്നലെ യു.എസ്‌. താരത്തില്‍നിന്നു കാര്യമായ വെല്ലുവിളി നേരിട്ടില്ല.
ലോക 66-ാം നമ്പര്‍ താരമാണു ടെന്നിസ്‌ സാന്‍ഡ്‌ഗ്രന്‍. സര്‍വീസുകളിലെ പിഴവുകള്‍ മൂലം സാന്‍ഡ്‌ഗ്രന്‍ ജോക്കോവിച്ചിനു കാര്യങ്ങള്‍ എളുപ്പമാക്കി. മൂന്നാം സെറ്റ്‌ ജോക്കോവിച്ചിനെ സംബന്ധിച്ച്‌ പരിശീലന സെഷന്‍ മാത്രമായിരുന്നു. യുറുഗ്വേയുടെ പാബ്ലോ ചുവാസാണ്‌ രണ്ടാം റൗണ്ടില്‍ ജോക്കോവിച്ചിന്റെ എതിരാളി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments