Pravasimalayaly

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലെ ബന്ധുനിയമനം; ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകന്റെ നിയമനത്തെ ചൊല്ലി വിവാദം

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലെ ടെക്‌നിക്കൽ ഓഫീസർ തസ്തികയിൽ ബന്ധുനിയമനം എന്ന് ആരോപണം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ കെ.എസിന്റെ നിയമനത്തെ ചൊല്ലിയാണ് വിവാദം. ബിടെക്ക് അടിസ്ഥാന യോഗ്യതയാക്കി പ്രത്യേകം സൃഷ്ടിച്ച് ഒരു ഒഴിവിലേക്ക് നിയമനം നടത്തിയെന്നാണ് ആക്ഷേപം. 

പരീക്ഷ കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞെങ്കിലും നിയമനം സംബന്ധിച്ച വിവരങ്ങൾ തേടുമ്പോൾ കൃത്യമായ വിവരം ആർജിസിബി നൽകുന്നില്ലെന്ന് പരീക്ഷയിൽ പങ്കെടുത്ത  ഉദ്യോഗാർത്ഥികൾ പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബർ എട്ടിനാണ് ടെക്‌നിക്കൽ ഓഫീസർ അടക്കം മൂന്ന് തസ്തികയിലേക്ക് കേന്ദ്രസർക്കാരിന് കീഴിലുള്ള രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. 

ടെക്‌നിക്കൽ ഓഫീസർ തസ്തികയിലേക്ക് മുൻകാലങ്ങളിൽ നിന്ന് വൃതൃസ്തമായി ബിടെക്ക് മെക്കാനിക്കൽ , ഇൻസ്ട്രുമെന്റേഷൻ ബിരുദത്തിൽ 60 ശതമാനം മാർക്കാണ് അടിസ്ഥാനയോഗ്യത നിശ്ചിയിച്ചിരുന്നത്. എംടെക്കുള്ളവർക്ക് ഷോർട്ട്‌ലിസ്റ്റിൽ മുൻഗണന നൽകുമെന്നും വ്യക്തമാക്കിയിരുന്നു. 

പിന്നോക്ക വിഭാഗത്തിനാണ് തസ്‌കിക സംവരണം ചെയ്തത്.  മുൻകാലങ്ങളിൽ ശാസ്ത്ര വിഷയങ്ങളിൽ ബിരുദാന്തര ബിരുദമുള്ളവരെ നിയമിച്ചിടത്താണ് ആദ്യമായി ബിടെക്ക് യോഗ്യതയിൽ നിയമനത്തിന് നീക്കം നടത്തിയത്. ഫലത്തിൽ ബിടെക് മെക്കാനിക്കൽ ബിരുദം ഉള്ളവർക്കായി ആർജിസിബി ഒരു പ്രത്യേക തസ്തിക ഉണ്ടാക്കുകയായിരുന്നു. മൂന്ന് ഘട്ടങ്ങളിലായി പരീക്ഷ നടപടികൾ പൂർത്തിയാക്കി. ആർജിസിബി വെബ്‌സെറ്റിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ആദ്യ ഘട്ടത്തിനായി 48 ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു. എപ്രിൽ 25ന് രാവിലെ ജനറൽ ഒഎംആർ പരീക്ഷ, പിന്നാലെ അന്ന് ഉച്ചയ്ക്ക് തന്നെ എഴുത്ത് പരീക്ഷ. ഇതിൽ യോഗ്യത നേടിയ നാല് പേരെ ഏപ്രിൽ 26ന് ലാബ് പരീക്ഷയ്ക്കും ക്ഷണിച്ചു. രണ്ട് ദിവസം കൊണ്ട് ധൃതി പിടിച്ച് പരീക്ഷാ നടപടികൾ പൂർത്തിയാക്കി. 

ലാബ് പരീക്ഷയിൽ പങ്കെടുത്ത നാല് പേരുടെ പട്ടികയിൽ  നിയമനം ലഭിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ കെ.എസിന്. റാങ്ക് പട്ടിക സംബന്ധിച്ചോ തുടർനടപടികളെ കുറിച്ചോ പരീക്ഷ എഴുതിയ മറ്റു വിദ്യാർത്ഥികൾ അന്വേഷിച്ചിട്ടും പറയാൻ സ്ഥാപനം തയ്യാറായിട്ടില്ലെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. നേരിട്ടും ഇമെയിൽ വഴിയും ബന്ധപ്പെട്ടിട്ടും മറുപടിയില്ല. ഹരികൃഷ്ണൻ കെ.എസിനെ നിലവിൽ വിദഗ്ധ പരിശീലനത്തിന് ഡൽഹിയിലെ സാങ്കേതിക സ്ഥാപനത്തിലേക്ക് അയച്ചതായാണ് വിവരം. 

Exit mobile version