Pravasimalayaly

മതവികാരം വ്രണപ്പെടുത്തി, ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ഇടപെട്ടു എന്നി കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പൊലീസാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്.

‘2014ന് മുന്‍പ് ഹണിമൂണ്‍ ഹോട്ടല്‍, ശേഷം ഹനുമാന്‍ ഹോട്ടല്‍’ എന്ന മുഹമ്മദ് സുബൈറിന്റെ പോസ്റ്റാണ് കേസിന് ആധാരമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ഈ പോസ്റ്റിനെതിരെ ഹനുമാന്‍ ഭക്ത് എന്ന പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡില്‍ രോഷം പ്രകടിപ്പിച്ചിരുന്നു. 2018 മാര്‍ച്ചിലെ സുബൈറിന്റെ ട്വീറ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ച് ഹനുമാന്‍ ഭക്ത്  നല്‍കിയ പരാതിയിലാണ് നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.  മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് ഡല്‍ഹി പൊലീസിന്റെ വിശദീകരണം.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായാണ് സുബൈറിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ പ്രദീക് സിന്‍ഹ ആരോപിക്കുന്നു. 2020ലെ കേസുമായി ബന്ധപ്പെട്ടാണ് വിളിപ്പിക്കുന്നത് എന്നാണ് അറിയിച്ചത്. ഇതില്‍ സുബൈറിന് ഹൈക്കോടതിയുടെ സംരക്ഷണമുണ്ട്. എന്നാല്‍ വൈകീട്ട് മറ്റൊരു കേസില്‍ സുബൈറിനെ അറസ്റ്റ് ചെയ്തതായി അറിയിക്കുകയായിരുന്നുവെന്ന് പ്രദീക് സിന്‍ഹ ആരോപിക്കുന്നു.

Exit mobile version