തിരുവനന്തപുരം: അമ്പലമുക്ക് കൊലക്കേസ് പ്രതിയുമായുള്ള തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധം. കൊലനടന്ന ചെടിക്കടയില്‍ എത്തിച്ച് തെളിവ് എടുക്കുന്നതിനിടെ പ്രതി തമിഴ്നാട് തോവാള സ്വദേശി രാജേന്ദ്രനെ കൈയേറ്റം ചെയ്യാന്‍ നാട്ടുകാര്‍ ശ്രമിച്ചു. ഇയാള്‍ക്ക് നേരെ അസഭ്യവര്‍ഷവും നടന്നു.ഏറെ പണിപ്പെട്ടാണ് പോലീസ് ഇയാളെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്. പ്രതിയെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് നിരവധിയാളുകള്‍ ഇവിടെ തടിച്ചുകൂടിയിരുന്നു.
തുടര്‍ന്ന് മുട്ടടയിലെ കുളക്കരയിലും തെളിവെടുത്തു. സംഭവത്തിന് ശേഷം പ്രതി ഉപേക്ഷിച്ച ഷര്‍ട്ട് ഇവിടെ നിന്നും കണ്ടെടുത്തു. മുട്ടടയിലെ കുളത്തില്‍ നിന്നുമാണ് വസ്ത്രം കണ്ടെത്തിയത്. വസ്ത്രം തന്റേതെന്ന് പ്രതി സ്ഥിരീകരിച്ചു. കൊലനടത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്.
അതേസമയം ചോദ്യം ചെയ്യലില്‍ രാജേന്ദ്രനില്‍നിന്നു വിവരങ്ങള്‍ കിട്ടാന്‍ പ്രയാസമാണെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിനെക്കുറിച്ചെല്ലാം രാജേന്ദ്രന് കൃത്യമായ ധാരണയുണ്ട്. ഏതെല്ലാം ചോദ്യങ്ങള്‍ എങ്ങനെയെല്ലാം വരും എന്നൊക്കെ ഇയാള്‍ ഊഹിച്ചെടുക്കും. ഒന്നുകില്‍ അതിനെ പ്രതിരോധിക്കും. അല്ലെങ്കില്‍ മിണ്ടാതിരിക്കും. ഇതാണ് രാജേന്ദ്രന്റെ രീതി. സീനിയര്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ മാത്രമേ രാജേന്ദ്രനില്‍നിന്നു പ്രതികരണം പോലും ഉണ്ടാവൂ.