അമ്പലമുക്കില്‍ യുവതിയെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസ് : പ്രതിയെ തമിഴ്നാട്ടില്‍ നിന്ന് പിടികൂടി

0
389

തിരുവനന്തപുരം: അമ്പലമുക്കില്‍ യുവതിയെ കഴുത്തറത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. തമിഴ്നാട് സ്വദേശിയായ രാജേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അന്വേഷണ സംഘം തമിഴ്നാട്ടിലെത്തിയാണ് രാജേഷിനെ പിടികൂടിയത്. നിലവില്‍ ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നാണ് ലഭിക്കുന്ന വിവരം.

കൊലപാതകം നടത്തുന്നതിനിടെ ഇയാള്‍ക്ക് പരുക്കേറ്റിരുന്നു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട യുവതിയുടെ മാല കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കൊലപാതകം കഴിഞ്ഞ് മടങ്ങുന്ന ഇയാളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതാണ് നിര്‍ണായകമായത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. അമ്പലമുക്കിന് സമീപം ചെടികള്‍ വില്‍ക്കുന്ന കടയിലെ ജീവനക്കാരിയായ വിനീതയാണ് കൊല്ലപ്പെട്ടത്. അവധി ദിവസമായതിനാല്‍ ചെടികള്‍ വെള്ളം നനയ്ക്കാന്‍ കടയിലെത്തിയതായിരുന്നു വിനീത. ഏകദേശം 11 മണി വരെ വിനീതയെ കടയില്‍ കണ്ടതായി സമീപവാസികള്‍ പറയുന്നു.

പിന്നീട് ചെടി വാങ്ങാനെത്തിയവരാണ് കടയില്‍ ആരുമില്ലെന്ന കാര്യം മനസിലാക്കിയതും ഉടമയെ വിളിച്ചതും. കടയിലെ മറ്റൊരു ജീവനക്കാരിയെത്തി പരിശോധിച്ചപ്പോഴാണ് വിനീതയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയാണ് കാണാതായത്.

Leave a Reply