Pravasimalayaly

വഴിയില്‍ തടഞ്ഞു ആംബുലന്‍സ് ഡ്രൈവറെ കയ്യേറ്റം ചെയ്തു; ചികിത്സ വൈകി രോഗി മരിച്ചു

നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി വന്ന ആംബുലന്‍സ് ഡ്രൈവറെ കാര്‍ യാത്രക്കാരന്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാന്‍ വൈകിയ രോഗി മരിച്ചു. വളാഞ്ചേരി കരേക്കാട് പാടത്തെപ്പീടിക വടക്കേപ്പീടിയേക്കല്‍ വാപ്പക്കുട്ടിഹാജിയുടെയും ഫാത്തിമക്കുട്ടിയുടെയും മകന്‍ ഖാലിദ്(33) ആണു മരിച്ചത്. കാര്‍ യാത്രക്കാരന്‍ ആംബുലന്‍സിനെ വഴിയിലും പിന്തുടര്‍ന്ന് ആശുപത്രിയിലും തടസ്സം ഉണ്ടാക്കിയെന്നാണ് ആരോപണം.

ഇന്നലെ ഉച്ചയ്ക്ക് 12.45ന് പെരിന്തല്‍മണ്ണയിലാണ് സംഭവമുണ്ടായത്. പടപ്പറമ്പിലെ വാഹന ഷോറൂമില്‍ എത്തിയ ഖാലിദിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അവിടത്തെ ജീവനക്കാര്‍ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അങ്ങാടിപ്പുറം മേല്‍പാലത്തില്‍ ആംബുലന്‍സിനു മുന്‍പില്‍ കാര്‍ തടസ്സം ഉണ്ടാക്കിയെന്നാണ് പരാതി.

കാര്‍ യാത്രക്കാരനും ആംബുലന്‍സ് ഡ്രൈവറും തമ്മില്‍ ഇവിടെവച്ച് തര്‍ക്കമുണ്ടായി. പിന്നീട് ആശുപത്രിയിലേക്കു പിന്തുടര്‍ന്നെത്തിയ കാര്‍ യാത്രക്കാരന്‍ ആംബുലന്‍സ് ഡ്രൈവറെ കയ്യേറ്റം ചെയ്തു. ആശുപത്രി ജീവനക്കാര്‍ സ്‌ട്രെച്ചറും മറ്റുമായി എത്തിയെങ്കിലും തര്‍ക്കം തീര്‍ന്ന ശേഷമാണ് രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയത്. അല്‍പസമയത്തിനകം രോഗി മരിച്ചു. പരുക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ പാങ്ങ് വലിയപറമ്പില്‍ അബ്ദുല്‍ അസീസ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. തിരൂര്‍ക്കാട് സ്വദേശിയുടേതാണ് കാര്‍. സംഭവസമയത്ത് താന്‍ കാറിലുണ്ടായിരുന്നില്ലെന്നും സൈക്കിളില്‍നിന്നു വീണു പരുക്കേറ്റ തന്റെ മകനുമായി അയല്‍വാസിയും ജ്യേഷ്ഠനും മറ്റും ആശുപത്രിയിലേക്ക് പോകുമ്പോഴാണ് സംഭവമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Exit mobile version