ഒഴുക്കിനെ അതിജീവിച്ച് അഞ്ച്മണിക്കൂര്‍; ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട ആന കരകയറി

0
25


ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട ആന കരകയറി. പുഴയിലെ അതിശക്തമായ ഒഴുക്കിനെ മുറിച്ചുകടന്നാണ് ആന രക്ഷപെട്ടത്. അഞ്ച് മണിക്കൂറോളമാണ് ആന പുഴയില്‍ കരകയറാനാകാതെ നിന്നത്. പുഴയില്‍ പലയിടത്തുമുണ്ടായിരുന്ന ചെറിയ പാറക്കെട്ടുകളില്‍ തട്ടിനിന്ന് ആന ഒഴുക്കിനെ അതിജീവിക്കുകയായിരുന്നു. പിള്ളപ്പാറ മേഖലയിലാണ് സംഭവം.

രാവിലെ ആറ് മണിയോടെയാണ് ആന പുഴയില്‍ കുടുങ്ങിയത് പ്രദേശവാസികള്‍ കണ്ടത്. തുരുത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. ചാലക്കുടി മേഖലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. പുഴയുടെ തീരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റമുണ്ട്. ഇന്നും നാളെയും 10 ജില്ലകളിലാണ് റെഡ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലാണ് റെഡ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് റെഡ് അലേര്‍ട്ടുള്ളത്.

മഴക്കെടുതിയെ നേരിടാന്‍ സംസ്ഥാനത്ത് എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് അറിയിച്ചു. മിന്നല്‍ പ്രളയങ്ങളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണ് സംസ്ഥാന ദുരന്തനിവാര അതോറിറ്റി നല്‍കുന്നത്. 2018ന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്ന് ശേഖര്‍ കുര്യാക്കോസ് ട്വന്റിഫോറിനോട് പറഞ്ഞു.

Leave a Reply