ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജിവെച്ചതിന് സമാനമായി പദവി ഒഴിഞ്ഞ് ആനന്ദ് ശര്‍മയും. കോണ്‍ഗ്രസ് ഹിമാചല്‍ പ്രദേശ് സ്റ്റിയറിങ് കമ്മിറ്റിയില്‍ നിന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ രാജിവെച്ചത്. ആത്മാഭിമാനം പണയപ്പെടുത്തില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി.
പാര്‍ട്ടിയുടെ അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായതിനാല്‍ ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം തരംതാഴ്ത്തലായി വിലയിരുത്തിയാണ് ഗുലാം നബി ആസാദ് പദവി ഒഴിഞ്ഞതെന്നാണ് അന്ന് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കിയ സൂചന.
മുതിര്‍ന്ന നേതാവ്, മുന്‍ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹത്തെ സംസ്ഥാനത്തിന്റെ പ്രചാരണ ചുമതല ഏല്‍പ്പിച്ചത് തരംതാഴ്ത്തുന്നതിന് തുല്യമാണെന്ന് പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിനെതിരെ കത്തെഴുതിയ ജി-23 നേതാക്കളില്‍ പ്രധാനിയാണ് ആസാദ്. ഇതിന് പിന്നാലെയാണ് ജി-23 നേതാക്കളില്‍ തന്നെ ഉള്‍പ്പെടുന്ന ആനന്ദ് ശര്‍മയും പദവി ഒഴിഞ്ഞത്.