ആന്ധ്രയില്‍ കോനസീമ ജില്ലയുടെ പേര് അംബേദ്കര്‍ കോനസീമ എന്നാക്കിയതിനെ തുടര്‍ന്നു നടന്ന കലാപത്തില്‍ മന്ത്രിയുടെയും എംഎല്‍എയുടെയും വീടുകള്‍ അഗ്നിക്കിരയാക്കി. മന്ത്രി വിശ്വരൂപന്റെയും അമലാപുരത്തെ വീടിനും പൊന്നാട സതീഷിന്റെയും വീടുകളാണ് തീയിട്ടത്. പേരുമാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനെതിരെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ ആന്ധ്രാപ്രദേശിലെ അമലപുരം ടൗണില്‍ പോലീസ് നിയന്ത്രണങ്ങള്‍ വകവയ്ക്കാതെ ഒത്തുകൂടുകയായിരുന്നു.
വിവിധ ദളിത് വിഭാഗങ്ങളുടെ ആവശ്യത്തെ തുടര്‍ന്നാണ് വൈഎസ്ആര്‍കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പേരുമാറ്റാന്‍ തീരുമാനമെടുത്തത്. എന്നാല്‍ നഗരത്തിന്റെ പേര് അതേപടി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്.
സംഭവത്തില്‍ 20 ഓളം പോലീസുകാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ അക്രമത്തെ അപലപിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി തനേതി വനിത രംഗത്തെത്തി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജില്ലയുടെ പേര് മാറ്റണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
അമലാപുരം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വിശ്വരൂപിന്റെ വസതി അഗ്നിക്കിരയാക്കിയ പ്രതിഷേധക്കാര്‍ മന്ത്രിയുടെ മൂന്ന് കാറുകളും കത്തിച്ചു. സംഭവത്തിന് തൊട്ടുപിന്നാലെ എസ്പി സുബ്ബറെഡ്ഡി സുരക്ഷാ യോഗം വിളിച്ചുകൂട്ടുകയും നടപടിയെടുക്കാന്‍ ഉത്തരവിടുകയുമായിരുന്നു. ഏതാനും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.