ഇന്നലെ അന്തരിച്ച കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പൊലീസ് കേസെടുത്തു. ഭാര്യ മായയുടെ പരാതിയിലാണ് അസ്വാഭാവിക മരണത്തിന് കായംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അനില്‍ പനച്ചൂരാന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. പെട്ടെന്നുണ്ടായ മരണമാണ്. മരണ കാരണം അറിയണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കായംകുളം പൊലീസിനെ സമീപിക്കുകയായിരുന്നു.
രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം പ്രഭാത സവാരി നടത്തുന്നതിനിടെ തലകറങ്ങി വീണു. തുടര്‍ന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു പിന്നീട് കരുനാഗപ്പള്ളിയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് അന്ത്യം. 51 വയസായിരുന്നു.