Pravasimalayaly

അനിത പുല്ലയിൽ വിവാദം: നാല് കരാർ ജീവനക്കാരെ സഭ ടിവി ചുമതലയിൽ നിന്ന് നീക്കി, നടപടി പ്രഖ്യാപിച്ച് സ്പീക്കർ

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിലെ ഇടനിലക്കാരിയെന്ന് ആരോപണം ഉയർന്ന അനിത പുല്ലയിൽ ലോക കേരള സഭ നടന്ന നിയമസഭ മന്ദിരത്തിൽ എത്തിയ സംഭവത്തിൽ അച്ചടക്ക നടപടി. കുറ്റക്കാരായ നാല് കരാർ ജീവനക്കാരെ സഭ ടിവി ചുമതലയിൽ നിന്ന് നീക്കിയതായി സ്പീക്കർ എം.വി രാജേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കരാർ കമ്പനിനായ ബിട്രെയിറ്റ് സൊലൂഷൻറെ ജീവനക്കാരായ ഫസീല, വിപുരാജ്, പ്രവീൺ, വിഷ്ണു എന്നിവരെയാണ് ചുമതലയിൽ നിന്ന് നീക്കിയത്.

അനിത പുല്ലയിലിന്  ഓപ്പൺ ഫോറത്തിലേക്കുള്ള പാസ് ഉണ്ടായിരുന്നു. അത് വച്ച് എങ്ങനെ നിയമസഭ മന്ദിരത്തിന് അകത്ത് കയറി എന്നതാണ് അന്വേഷിച്ചത്.സഭ ടിവിയുടെ സാങ്കേതിക സഹായം നൽകുന്ന ഏജൻസിയുടെ ജീവനക്കാരിക്കൊപ്പമാണ് അകത്ത് കയറിയത.് നിയമസഭ ജിവനക്കാർക്കോ മറ്റാർക്കെങ്കിലുമോ പങ്കില്ല, നിയമസഭാ സമ്മേളന വേദിയിൽ കയറിയിട്ടില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് അനിത പുല്ലയിൽ നിയമസഭയിൽ കടന്നത് ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തൽ. സഭ ടി.വിക്ക് ഒ.ടി.ടി സഹായം നൽകുന്ന ബിട്രെയിറ്റ് സൊലൂഷനിലെ ജീവനക്കാരുടെ സഹായം ഇതിനു ലഭിച്ചു. സഭാനടപടികൾ നടന്ന ശങ്കരനാരായണൻ തമ്പി ഹാളിൽ അനിത കടന്നിട്ടില്ല. ഇടനാഴിയിൽ പലരുമായും സംസാരിക്കുകയും സഭ ടി.വി ഓഫിസിൽ ഏറെ സമയം ചെലവിടുകയും ചെയ്‌തെന്ന് റിപ്പോർട്ടിലുണ്ട്.

ഓപൺ ഫോറത്തിൽ പങ്കെടുക്കാൻ ക്ഷണക്കത്തുള്ളതുകൊണ്ടാണ് കടത്തിവിട്ടതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. അനിത മന്ദിരത്തിലേക്ക് വരുന്നത് മുതലുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഒ.ടി.ടി സഹായം നൽകുന്ന കമ്പനിയിലെ രണ്ടു ജീവനക്കാരാണ് സഭാ മന്ദിരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് അനിതയെ കൊണ്ടുപോയത്.

ഓപൺ ഫോറത്തിലെ ക്ഷണക്കത്ത് നോർക്ക വഴി പ്രവാസി സംഘടനകൾക്ക് നൽകിയിരുന്നു. ഈ സംഘടനകൾ വഴിയാകും ക്ഷണക്കത്ത് അനിതക്ക് കിട്ടാൻ സാധ്യത. രണ്ടാം ദിവസം പുറത്തേക്ക് പോകാൻ വാച്ച് ആൻഡ് വാർഡ് ആവശ്യപ്പെട്ട ഘട്ടത്തിൽ ജീവനക്കാർ അനുഗമിച്ചിരുന്നു. നിയമസഭയിലെ പല ഗേറ്റുകളിലും സി.സി ടി.വി. ഇല്ലെന്നും ഈ സംവിധാനവും സുരക്ഷ നടപടികളും ശക്തിപ്പെടുത്തണമെന്നും റിപ്പോർട്ടിലുണ്ട്. മാധ്യമങ്ങളുടെ റിപ്പോർട്ടിനു ശേഷം മാത്രമാണ് അനിതയെ മന്ദിരത്തിൽ നിന്നും മാറ്റിയത്.

Exit mobile version