നമ്പർ 18 ഹോട്ടൽ പോക്സോ കേസ്; റോയിക്കും സൈജുവിനും മുൻകൂർ ജാമ്യമില്ല, അഞ്ജലിക്കു ജാമ്യം

0
60

പോക്‌സോ കേസിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാറ്റ്, കൂട്ടു പ്രതി സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അതേസമയം എറണാകുളത്തേക്കു പെൺകുട്ടികളെ എത്തിച്ച പ്രതി അഞ്ജലി റീമ ദേവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. കോഴിക്കോടു സ്വദേശിനിയായ പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലാണ് മുൻകൂർ ജാമ്യം തേടി പ്രതികൾ കോടതിയെ സമീപിച്ചത്. 

ഇവർ സമാനമായ കുറ്റകൃത്യം ആവർത്തിക്കുന്നവരാണെന്നും അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നുമുള്ള സർക്കാരിന്റെ വാദം അംഗീകരിച്ചാണ് കോടതി രണ്ടു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പ്രതികൾക്കെതിരായി ഇരകളാക്കപ്പെട്ട പെൺകുട്ടികൾ നൽകിയ മൊഴികൾ പരിശോധിച്ചും തെളിവുകൾ വിലയിരുത്തിയുമാണ് ജസ്റ്റിസ് പി. ഗോപിനാഥ് ബെഞ്ചിന്റെ നടപടി.

കോഴിക്കോട്ട് മാർക്കറ്റിങ് സ്ഥാപനം നടത്തി വരുന്ന അഞ്ജലി റീമ ദേവ് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലേയ്ക്ക് പെൺകുട്ടികളെ എത്തിച്ചിരുന്നതായും ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചിരുന്നതുമായി ഇവർക്കൊപ്പം ജോലി ചെയ്തിരുന്ന യുവതിയാണ് ആരോപണം ഉന്നയിച്ചത്. ബിസിനസ് മീറ്റിന് എന്ന പേരിൽ കൊച്ചിയിൽ എത്തിച്ച് സ്റ്റാർ ഹോട്ടലിൽ താമസിപ്പിച്ച് ക്ലബിൽ എത്തിക്കുന്നതാണ് രീതി എന്നു പരാതിക്കാരി വെളിപ്പെടുത്തിയിരുന്നു. 

കൊച്ചി പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് ഇവർക്കെതിരെ പോക്‌സോ കേസെടുത്തത്. പെൺകുട്ടികൾ പലരും പൊലീസിൽ പരാതി നൽകിയില്ലെങ്കിലും മൊഴി നൽകിയിരുന്നു. ഈ മൊഴിയിലാണ് ഇപ്പോൾ പ്രതികളുടെ മുൻകൂർ ജാമ്യം കോടതി തള്ളിയിരിക്കുന്നത്. അതേ സമയം പെൺകുട്ടികളെ കൊച്ചിയിൽ എത്തിച്ച അഞ്ജലിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി അനുവദിച്ചത് ഞെട്ടിക്കുന്ന വിവരമാണെന്നും ഇവരിൽ നിന്നു ഭീഷണിയുണ്ടെന്നും പരാതിക്കാരിയായ വനിത പറയുന്നു.

Leave a Reply