Pravasimalayaly

ആത്മഹത്യ ചെയ്യില്ല, തനിക്കെതിരെ നീങ്ങുന്നത് 6 പേർ; നമ്പർ 18 ഹോട്ടൽ കേസ് പ്രതി അഞ്ജലി

തനിക്കെതിരെ നീങ്ങുന്നത് ആറ് പേരടങ്ങിയ സംഘമാണെന്ന് നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ് പ്രതി അഞ്ജലി റീമാദേവ്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിലാണ് റീമയുടെ പ്രതികരണം. ആത്മഹത്യ ചെയ്യില്ലെന്നും താൻ മരണപ്പെട്ടാൽ അത് കൊലപാതകമായിരിക്കുമെന്നും അതിനുത്തരവാദി ഈ ആറ് പേർ ആയിരിക്കുമെന്നും അഞ്ജലി പറഞ്ഞു. മരിച്ചാൽ ഇതു തന്റെ മരണ മൊഴിയായി കണക്കാക്കണം എന്നുമാണ് വിഡിയോയിലെ ആവശ്യം.

രാഷ്ട്രീയം, സന്നദ്ധ പ്രവർത്തനം, ബിസിനസ്, ട്രസ്റ്റ് എന്നീ മേഖലകളിൽ നിന്നുള്ളവരാണ് ഈ ആറ് പേർ. ഇവരെ സംബന്ധിക്കുന്ന വിവരങ്ങൾ എത്തിക്കേണ്ടിടത്ത് എത്തിച്ചിട്ടുണ്ട്. എന്നാൽ, ഇതറിയാതെ ഈ ആറ് പേർ ഇപ്പോഴും തന്നെ കുടുക്കാൻ നോക്കുകയാണെന്നും അഞ്ജലി ആരോപിക്കുന്നു.

‘കുറച്ചു ദിവസമായി സമൂഹത്തിലെ ഏറ്റവും മോശപ്പെട്ട സ്ത്രീ എന്ന് എന്നെ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു കാരണം ഒരു സ്ത്രീ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ മാത്രമാണ്. ബോയ് ഫ്രണ്ടില്ലാത്തവർക്കു ബോയ് ഫ്രണ്ടിനെ കൊടുക്കും, കാവൽ നിൽക്കും, അവർ നേരിട്ടു കണ്ടിട്ടുണ്ട്, ബിപി ഗുളിക എന്നു പറഞ്ഞു മെഡിസിൻ ബോക്‌സിൽ പഞ്ഞി വച്ചു കൊണ്ടു നടന്നു, കൂടിയ ലഹരി ഉപയോഗിക്കുന്നതു കണ്ടിട്ടുണ്ട്. സ്ത്രീകളുമായി മറ്റു രീതിയിലുള്ള ബന്ധമുണ്ട്, നമ്പർ 18 ഹോട്ടലിൽ വച്ച് എന്തോ കാഴ്ച കണ്ടു, ഞാൻ ലഹരി ഉപയോഗിക്കുന്നത് നേരിട്ടു കണ്ടു എന്നെല്ലാമുള്ള ആരോപണങ്ങളാണ് പരാതിക്കാരി ഉയർത്തിയിരിക്കുന്നത്.

കടുത്ത മാനസിക സമ്മർദ്ദമാണ് അനുഭവിക്കുന്നത്. ആത്മഹത്യ ചെയ്യണമെന്നു പോലും ആലോചിച്ചു. അനിയന്റെ മുഖമാണ് ഓർമ വരുന്നത്. അവന്റെ മുന്നിലെങ്കിലും സത്യം തെളിയിക്കണം. രണ്ടു പേരാണ് എനിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. മറ്റു പെൺകുട്ടികളുടെ മൊഴിയെടുക്കണം. വർഷങ്ങളായി കൂടെ ജോലി ചെയ്തവരോടു ചോദിക്കണം. ഓഫിസിൽ ജോലി ചെയ്ത എല്ലാവരുടെയും വിവരങ്ങൾ എടുത്തു പരിശോധിക്കണം.  സ്ത്രീ ഉന്നയിച്ച കാര്യങ്ങൾ തെളിയിക്കാൻ ലൈവ് പോളിഗ്രാഫ് ടെസ്റ്റെടുക്കണം. ഈ പറഞ്ഞ തെറ്റുകൾ താൻ ചെയ്തിട്ടുണ്ടെങ്കിൽ കല്ലെറിഞ്ഞു കൊല്ലണം. 

എനിക്കെതിരായി കളിച്ചു കൊണ്ടിരിക്കുന്നവരുടെ വിവരങ്ങൾ എത്തിക്കേണ്ടിടത്ത് എത്തിച്ചിട്ടുണ്ട്. എനിക്കെതിരെ മീറ്റിങ്ങും ഗൂഢാലോചനകളും ഇപ്പോഴും നടത്തുന്നുണ്ട്. ഇനി ഞാൻ മരിച്ചു പോയാലും ഇങ്ങനെ ആക്കിയവരെ നിയമവും കോടതിയും വെറുതെ വിടരുത്. ഇനി ഒരു പെൺകുട്ടിയുടെ ജീവിതവും തുലയ്ക്കാൻ പാടില്ല. ഇപ്പോഴും പിടിച്ചു നിൽക്കുന്നത് തെറ്റു ചെയ്തിട്ടില്ല എന്ന ഒറ്റ ധൈര്യത്തിലാണ്. ആരെങ്കിലും കൊന്നാലും ഈ ആറു വ്യക്തികൾക്കെതിരെ അന്വേഷണം വരണം. 

‘ആത്മഹത്യ ചെയ്യില്ല, തനിക്കെതിരെ നീങ്ങുന്നത് 6 പേർ’; നമ്പർ 18 ഹോട്ടൽ കേസ് പ്രതി അഞ്ജലി

Exit mobile version