കോഴിക്കോട്: ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ തെറ്റാണെന്ന് അഞ്ജലി റീമ ദേവ്. തന്നെ നശിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന പ്രചാരണങ്ങളാണിതെന്ന് ഫെയ്സ്ബുക്കിലൂടെ അഞ്ജലി വ്യക്തമാക്കി. താനുള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ ഹോട്ടലില്‍ എത്തിച്ചത് അഞ്ജലിയാണെന്ന് പരാതിക്കാരി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിനെയും കൂട്ടാളികളായ സൈജു തങ്കച്ചനെയും അഞ്ജലിയെയും പ്രതിയാക്കി ഫോര്‍ട്ട് കൊച്ചി പൊലീസ് പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ്, പരാതി നല്‍കിയ യുവതി അഞ്ജലിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. തന്നെയും പെണ്‍കുട്ടികളെയും ഹോട്ടലില്‍ എത്തിച്ചത് അഞ്ജലിയാണെന്നും ഇവര്‍ക്ക് ലഹരിമരുന്ന് കച്ചവടമുണ്ടെന്നുമായിരുന്നു ആക്ഷേപം. എന്നാല്‍ ഇതെല്ലാം സ്വയം രക്ഷപെടാനുള്ള പരാതിക്കാരിയുടെ തന്ത്രമാണെന്ന് അഞ്ജലി പറയുന്നു.
‘ബിസിനസ് വിപുലമാക്കാന്‍ പണം കടം വാങ്ങിയിട്ടുണ്ട്. അതിന്റെ കണക്കുണ്ട്. അതിനും അപ്പുറത്ത് മനസ്സില്‍പോലും ചിന്തിക്കാത്ത കുറ്റങ്ങളാണ് ആരോപിക്കുന്നത്. എന്റെ ഓഫിസില്‍ ജോലി ചെയ്ത ഒരു പെണ്‍കുട്ടി പറയട്ടെ, അഞ്ജലി അങ്ങനത്തെ രീതിയില്‍ ആ പെണ്‍കുട്ടിയെ കൊണ്ടുപോയിട്ടുണ്ടെന്ന്. ലഹരിമരുന്ന് ഡീലറാണെന്നും ആണുങ്ങളെ ഹണിട്രാപ്പില്‍ പെടുത്തുന്നവളാണെന്നും കള്ളപ്പണ ഇടപാടുണ്ടെന്നുമൊക്കെയാണ് എന്നെ കുറിച്ച് പറയുന്നത്.
ഇതൊക്കെ ആരാണ് ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമായ ധാരണ ഉള്ളതുകൊണ്ട് ഞാനത് പുറത്തു പറയാതിരിക്കാന്‍ വേണ്ടിയാണ് ഇത്രയും അവര്‍ കാട്ടിക്കൂട്ടുന്നത്’ അഞ്ജലി പറഞ്ഞു.