എം.എം മണിയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് ആംഗം ആനി രാജ രംഗത്ത്. ഇടത് – സ്ത്രീപക്ഷ രാഷ്ട്രീയമാണ് ഡൽഹിയിൽ പ്രയോഗിക്കുന്നതെന്നും എം.എം. മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും അവർ പറഞ്ഞു.
കേരളമാണ് തന്റെ തട്ടകം. എട്ടാംവയസിൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനമാണ്. മോദിയും അമിത് ഷായും ഭീഷണിപ്പെടുത്താൻ നോക്കിയിട്ട് കഴിഞ്ഞിട്ടില്ല. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നത് കൊണ്ട് തന്നെയാണ് മണിക്കെതിരെ പ്രതികരിച്ചത്. വെല്ലുവിളികൾ അതിജീവിച്ചു കൊണ്ടാണ് ഇപ്പോഴും നിൽക്കുന്നത്. വനിതാ രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റും. ആരുടെയും ഭീഷണിക്ക് വഴങ്ങുന്ന ആളല്ല താൻ. അവഹേളനം ശരിയാണോ എന്ന് എംഎം മണിയെ ഉൾക്കൊള്ളുന്ന രാഷ്ട്രീയം ആലോചിക്കേണ്ടതാണ്. കേരളത്തിൽ നിന്ന് വന്ന് ഉത്തരേന്ത്യയിൽ നിലനിൽക്കുന്നത് നിരവധി വെല്ലുവിളികളും ഭീഷണികളും മറികടന്നാണെന്നും അവർ വ്യക്തമാക്കി.
എത്ര കിട്ടിയാലും പഠിക്കില്ലെന്ന തരത്തിലാണ് എം.എം മണിയെപ്പോലെയുള്ള നേതാക്കളെന്ന് കെ.കെ. രമ പ്രതികരിച്ചു. സിപിഐ പ്രവർത്തക ആനി രാജയ്‌ക്കെതിരെ അധിക്ഷേപ പരാമർശവുമായി മുന്‍ മന്ത്രി എംഎം മണി രംഗത്തെത്തിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു രമ.