തിരുവനന്തപുരം: ഭര്‍ത്താവും സ്വന്തം വീട്ടുകാരും ഉപേക്ഷിച്ച ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് പത്തൊമ്പതാമത്തെ വയസ്സില്‍ തെരുവിലേക്ക് ഇറങ്ങേണ്ടിവന്ന പെണ്‍കുട്ടി 12 വര്‍ഷങ്ങള്‍ക്കിപ്പുറം വര്‍ക്കല പോലീസ് സ്‌റ്റേഷനിലെ എസ്.ഐ.ഇന്ന് കേരളം മൊത്തം ചര്‍ച്ച ചെയ്യപ്പെട്ടത് ഈ വാര്‍ത്ത തന്നെ. ആനി ശിവയെന്ന വര്‍ക്കല സ്റ്റേഷനിലെ പുതിയ എസ്‌ഐയ്ക്ക് പറയാനുള്ളത് പോരാട്ടത്തിന്റെ ജീവിത കഥ.
ആത്മബലത്തിന്റെയും ജീവിതവിജയത്തിന്റെയും മാതൃകയാണ് ആനി ശിവയെന്ന പോരാളിയായ അമ്മ. കിടക്കാന്‍ ഒരു കൂരയോ വിശപ്പടക്കാന്‍ ഒരു നേരത്തെ ഭക്ഷണമോ ഇല്ലാതെ ആത്മഹത്യാശ്രമങ്ങളില്‍ പരാജയപ്പെട്ട് മരിക്കാനുള്ള ഊര്‍ജം നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും ജീവിതവിജയത്തിന്റെയും കഥയാണ് കാഞ്ഞിരംകുളം സ്വദേശിനി ആനി ശിവയുടേത്.
കാഞ്ഞിരംകുളം കെ.എന്‍.എം. ഗവ.കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ വീട്ടുകാരുടെ ഇഷ്ടത്തെ എതിര്‍ത്ത് കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങി. ഒരു കുഞ്ഞ് ജനിച്ച് ആറുമാസമായതോടെ ആ കൂട്ടും നഷ്ടമായി. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും ദുരഭിമാനത്തിന്റെ വേലിക്കെട്ടുകള്‍ അവിടെ തടസ്സം സൃഷ്ടിച്ചു. അമ്മൂമ്മയുടെ വീടിന്റെ ചായ്പില്‍ മകനെയുംകൊണ്ട് ജീവിതം തുടങ്ങി.
കറിപ്പൗഡറും സോപ്പും വീടുകളില്‍ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇന്‍ഷുറന്‍സ് ഏജന്റായി. വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങള്‍ ബൈക്കില്‍ വീടുകളില്‍ എത്തിച്ചുകൊടുത്തു. ഉത്സവവേദികളില്‍ ചെറിയ കച്ചവടങ്ങള്‍ക്ക് പലരുടെയും ഒപ്പംകൂടി. ഇതിനിടയില്‍ കോളേജില്‍ ക്ലാസിനുംപോയി സോഷ്യോളജിയില്‍ ബിരുദം നേടി.
കൈക്കുഞ്ഞിനെയുംകൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയില്‍ മാറിമാറിത്താമസിച്ചു. ആണ്‍കുട്ടികളെപ്പോലെ മുടിവെട്ടി. മകന്‍ ശിവസൂര്യയുടെ അപ്പയായി. ചേട്ടനും അനിയനുമാണെന്ന് പലരും ഒറ്റനോട്ടത്തില്‍ കരുതി.
2014ല്‍ സുഹൃത്തിന്റെ പ്രേരണയില്‍ വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാന്‍ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നു. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016ല്‍ വനിതാപോലീസായി ജോലി ലഭിച്ചു. 2019ല്‍ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂണ്‍ 25ന് വര്‍ക്കലയില്‍ എസ്.ഐ.യായി ആദ്യനിയമനം.
സ്വന്തം ജീവിതത്തെക്കുറിച്ച് ആനി ശിവ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: ”എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവള്‍. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താല്‍ അവള്‍ ജീവിതം ഒരു കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകള്‍ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടില്‍ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു”.