സ്‌കൂള്‍ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിക്കൊപ്പം അറസ്റ്റിലായ നടി അര്‍പ്പിത മുഖര്‍ജിയുടെ മറ്റൊരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 20 കോടി രൂപ കൂടി കണ്ടെടുത്തു. രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന മൂന്നു കിലോ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണ ഭാഗമായി 15 സ്ഥലങ്ങളില്‍ ബുധനാഴ്ച ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇതില്‍ ബെല്‍ഗാരിയയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് പണം കണ്ടെടുത്തത്. നിര്‍ണായക രേഖകള്‍ കണ്ടെടുത്തതായും വിവരമുണ്ട്.
നേരത്തെ, അര്‍പ്പിതയുടെ സൗത്ത് കൊല്‍ക്കത്തയിലെ ആഡംബര ഫ്‌ലാറ്റില്‍നിന്ന് 21.90 കോടി രൂപയും 56 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും 76 ലക്ഷം രൂപയുടെ സ്വര്‍ണവും കണ്ടെടുത്തിരുന്നു. തുടര്‍ന്ന് പാര്‍ഥ ചാറ്റര്‍ജിയെയും അര്‍പ്പിത മുഖര്‍ജിയെയും ശനിയാഴ്ച ഇ.ഡി അറസ്റ്റ് ചെയ്തു. ഇരുവരെയും ആഗസ്റ്റ് മൂന്നു വരെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട കൈക്കൂലിയാണ് ഈ പണമെന്ന് അര്‍പ്പിത അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
മമത ബാനര്‍ജി മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിയും മമതയുടെ അടുത്ത സഹായിയുമാണ് പാര്‍ഥ ചാറ്റര്‍ജി. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബംഗാള്‍ സ്‌കൂള്‍ സര്‍വിസസ് കമീഷന്‍ വഴി സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകഅനധ്യാപക തസ്തികകളില്‍ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതില്‍ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.