സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു.10ആം തീയതി ശമ്പളം നല്‍കണമെന്ന് മാനേജ്‌മെന്റിനു നല്‍കിയ നിര്‍ദ്ദേശം അംഗീകരിച്ച ബിഎംഎസ് പുറത്തിറങ്ങി നിലപാട് മാറ്റിയെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വാക്കുകള്‍;
10ആം തീയതി ശമ്പളം നല്‍കണമെന്ന് മാനേജ്‌മെന്റിനു നല്‍കിയ നിര്‍ദ്ദേശം അംഗീകരിക്കുന്നു എന്നാണ് ബിഎംഎസ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചത്. അതിനു ശേഷം വളരെ അപ്രതീക്ഷിതമായി ബിഎംഎസ് പുറത്തിറങ്ങി പറയുന്നത്, 10ആം തീയതി ശമ്പളം ലഭിക്കുമെന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന്. അത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് എനിക്കറിയില്ല. യോഗത്തില്‍ വച്ച് അംഗീകരിക്കുകയും പുറത്തിറങ്ങി അതിനെ നിരാകരിക്കുകയും ചെയ്യുന്ന നിലപാടാണ് ബിഎംഎസ് സ്വീകരിച്ചത്. 10ആം തീയതി എന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഐഎന്‍ടിയുസി ഇവിടെ വച്ച് തന്നെ വ്യക്തമാക്കി. സിഐടിയുവും ബിഎംഎസും അത് അംഗീകരിച്ചതാണ്. ഈ മാസം 10നും അടുത്ത മാസം മുതല്‍ അഞ്ചിനും ശമ്പളം നല്‍കണമെന്ന് സിഐടിയു ആവശ്യപ്പെട്ടിരുന്നു. അത് അംഗീകരിക്കുകയും ചെയ്തു. ഇത് രാഷ്ട്രീയ പ്രേരിതമാണ്. സമരം കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.
അതേസമയം ശമ്പളപ്രതിസന്ധിയില്‍ ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ഭരണകക്ഷിയായ സിപിഎമ്മിന്റെ തൊഴിലാളി സംഘടനായ സിഐടിയും പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കും. ബിഎംഎസും ടിഡിഎഫുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്