Pravasimalayaly

ബസ് ചാര്‍ജ് വര്‍ധന: 30ന് തീരുമാനമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: സമരം പിന്‍വലിക്കാന്‍ ബസ് ഉടമകള്‍ക്ക് പ്രത്യേകിച്ച് ഒരുറപ്പും ഇന്ന് നല്‍കിയിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാര്‍ജ് വര്‍ധന നേരത്തെ അംഗീകരിച്ചിരുന്നു. 30ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാവും. ബസ് ഉടമകള്‍ സമരത്തിലേക്ക് എടുത്തുചാടിയതാണ്. ഓട്ടോ ടാക്‌സികള്‍ സമര രംഗത്തേക്ക് വന്നില്ല. സമരം കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ബസ് സമരം പിന്‍വലിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമര്‍ശം. മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം പിന്‍വലിക്കുന്നതായി ബസുടമകള്‍ പ്രഖ്യാപിച്ചത്. 

സംയ്കുത സമരസമിതിയിലെ ആറ് പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടക്കുന്നതുള്‍പ്പടെയുള്ള ഇപ്പാഴത്തെ സാഹചര്യം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ബസ് ഉടമകളോട് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്.

Exit mobile version