Pravasimalayaly

വാര്‍ഡു കമ്മിറ്റികള്‍ രൂപീകരിച്ച് അടിസ്ഥാന തലത്തില്‍നിന്നു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക; കേരളം പിടിക്കാന്‍ പ്രവര്‍ത്തകര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി കേജ്രിവാള്‍

കേരളം പിടിക്കാന്‍ പ്രവര്‍ത്തകര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്രിവാള്‍. ഒന്‍പതു വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങള്‍ കാര്യമായ ചലനം സൃഷ്ടിക്കാത്ത സാഹചര്യത്തില്‍ നേതാക്കന്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കൃത്യമായ ടാര്‍ഗറ്റ് നല്‍കി ഫലം കണ്ടെത്താനാണു നീക്കം. കൊച്ചി താജ് മലബാര്‍ ഐലന്‍ഡ് ഹോട്ടലില്‍ ചേര്‍ന്ന സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ കേജ്രിവാള്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി.

നേട്ടമുണ്ടാക്കാനാകാത്ത നേതാക്കളെ മാറ്റിനിര്‍ത്തി പുതുമുഖങ്ങളെ കണ്ടെത്തി നേതൃനിരയിലേയ്ക്കു കൊണ്ടുവരുമെന്നും കേജ്രിവാള്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്. വാര്‍ഡ് തലത്തില്‍ എഎപിയുടെ കമ്മിറ്റികള്‍ രൂപീകരിച്ചായിരിക്കും തുടര്‍ പ്രവര്‍ത്തനം. നിലവില്‍ പഞ്ചായത്ത് കമ്മിറ്റികള്‍ വരെ ഉണ്ടെങ്കിലും സജീവമല്ല. മിക്ക മണ്ഡലങ്ങളിലും പഞ്ചായത്തു കമ്മിറ്റികള്‍ പോലും ഇല്ലാത്ത സാഹചര്യവുമുണ്ട്. ഈ സാഹചര്യത്തിലാണു നിലവിലുള്ള കമ്മിറ്റികളെ പുനരുജ്ജീവിപ്പിക്കാനും വാര്‍ഡു കമ്മിറ്റികള്‍ രൂപീകരിച്ച് അടിസ്ഥാന തലത്തില്‍നിന്നു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വാര്‍ഡും പഞ്ചായത്തും പിടിച്ചു നിയമസഭാ പ്രവേശം നടത്തുന്നതായിരിക്കും ആംആദ്മി പാര്‍ട്ടി കേരളത്തില്‍ ഇനി നടപ്പാക്കുന്ന പ്രവര്‍ത്തന തന്ത്രം. ട്വന്റി20യുമായി സഹകരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നു ലഭിച്ച അഭിപ്രായങ്ങള്‍ സംസ്ഥാന നേതൃത്വം കേജ്രിവാളുമായി പങ്കുവച്ചിട്ടുണ്ട്. ഇരു പാര്‍ട്ടികളും ലയിക്കുന്നതു പോലെയുള്ള പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാവില്ല. പകരം ട്വന്റി20 സജീവമായുള്ള മണ്ഡലങ്ങളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതു തന്നെയായിരിക്കും തുടര്‍ന്നു സ്വീകരിക്കുന്ന രീതി.വരും മാസങ്ങളിലും കേജ്രിവാള്‍ കേരളത്തില്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

Exit mobile version