Pravasimalayaly

‘ഞങ്ങളെയെല്ലാം ഒരുമിച്ചങ്ങ് അറസ്റ്റ് ചെയ്‌തേക്കൂ’; മനീഷ് സിസോദിയയേയും അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര നീക്കമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെ വ്യാജ കേസില്‍ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര നീക്കമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ കേസില്‍ കുടുക്കിയ പോലെ സിസോദിയയ്ക്കെതിരെയും നീക്കം നടക്കുന്നതായി വിശ്വസനീയ വിവരം ലഭിച്ചെന്ന് കെജരിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സത്യേന്ദ്ര ജെയിനിനെ അറസ്റ്റ് ചെയ്യുമെന്ന് മാസങ്ങള്‍ക്കു മുമ്പു തന്നെ തനിക്കു വിവരം ലഭിച്ചിരുന്നതായി കെജരിവാള്‍ പറഞ്ഞു. സമാനമായ വിധത്തില്‍ സിസോദിയയെ ലക്ഷ്യമിട്ടു നീക്കം നടക്കുന്നതായാണ് പുതിയ വിവരം. ഏതാനും ദിവസത്തിനകം വ്യാജ കേസില്‍ സിസോദിയയെ അറസ്റ്റ് ചെയ്യും കെജരിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പിതാവാണ് സിസോദിയ. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയാണ് അദ്ദേഹമെന്ന് കെജരിവാള്‍ വിശേഷിപ്പിച്ചു. ഡല്‍ഹിയില്‍ മാത്രമല്ല, രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും പ്രതീക്ഷ നല്‍കിയ ആളാണ് അദ്ദേഹം. സിസോദിയ അഴിമതിക്കാരനാണോയെന്ന് വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പറയട്ടെ.

ആം ആദ്മി പാര്‍ട്ടിയുടെ എല്ലാ എംഎല്‍എമാരെയും ഒറ്റയടിക്ക് അറസ്റ്റ് ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിക്കുകയാണെന്ന് കെജരിവാള്‍ പറഞ്ഞു. ഓരോരുത്തരെ അറസ്റ്റ് ചെയ്യുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. എല്ലാവരെയും അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തട്ടെ. പുറത്തിറങ്ങുമ്പോള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കാമല്ലോയെന്ന് കെജരിവാള്‍ പറഞ്ഞു.

Exit mobile version