ന്യൂഡല്‍ഹി: എഎപി സര്‍ക്കാരിന് എതിരെ അട്ടിമറി നീക്കമെന്ന് സംശയം. ചില എംഎല്‍എമാരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് എഎപി. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ ഇന്ന് നിയമസഭ കക്ഷി യോഗം വിളിച്ചിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ എത്ര എംഎല്‍എമാര്‍ പങ്കെടുക്കുമെന്നതില്‍ സംശയമുയര്‍ന്നു. ബിജെപിയില്‍ ചേരാനായി എംഎല്‍എമാര്‍ക്ക് 25 കോടി വരെ ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞദിവസം എഎപി എംഎല്‍എമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
രാവിലെ 11 മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് എതിരായ സിബിഐ അന്വേഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇന്ന് യോഗം വിളിച്ചത്.
ബിജെപി പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും എഎപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുയാണെന്ന് ദേശീയ വക്താവ് സഞ്ജയ് സിങ് ആരോപിച്ചിരുന്നു. ‘സര്‍ക്കാരില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തിയെടുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തങ്ങള്‍ തരുന്ന 20 കോടി സ്വീകരിക്കാം അല്ലെങ്കില്‍ സിബിഐ കേസ് വരുമെന്ന് എംഎല്‍എമാരെ ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തി’- എഎപി ദേശീയ വക്താവും രാജ്യസഭ എംപിയുമായ സഞ്ജയ് സിങ് പറഞ്ഞു.
ബിജെപി നേതാക്കളുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന എഎപി എംഎല്‍എമാരായ അജയ് ദത്ത്, സഞ്ജയ് ഝാ, സോമനാഥ് ഭാരതി, കുല്‍ദീപ് കുമാര്‍ എന്നിവരെ ബിജെപി സമീപിച്ചെന്നും സഞ്ജയ് സിങ് കൂട്ടിച്ചേര്‍ത്തു. ഇവര്‍ക്കൊപ്പമായിരുന്നു സഞ്ജയ് സിങ് പത്രസമ്മേളനം നടത്തിയത്. ‘ഇവര്‍ക്ക് 20കോടി വാഗ്ദാനം ചെയ്തു. മറ്റു എംഎല്‍എമാരെക്കൂടി കൂട്ടിയാല്‍ 25 കോടി നല്‍കാമെന്നാണ് വാഗ്ദാനം’- ശഞ്ജയ് സിങ് പറഞ്ഞു.
സിസോദിയയ്ക്ക് എതിരായ കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് തങ്ങള്‍ക്ക് അറിയാമെന്നും എന്നാല്‍ എഎപി സര്‍ക്കാരിനെ താഴെയിറക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്നും തന്നെ സമീപിച്ച ബിജെപി എംഎല്‍എമാര്‍ പറഞ്ഞതായി സോമ്നാഥ് ഭാരതി പറഞ്ഞു.