അര്‍ജന്റീനയ്ക്ക് 15ാം കോപ്പ അമേരിക്ക കിരീടം. മാരക്കാനയില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന കിരീടം ചൂടിയത്. ഏയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ വിജയ ഗോള്‍ നേടിയത്.
22ാം മിനിറ്റിലാണ് ഏയ്ഞ്ചല്‍ ഡി മരിയയിലൂടെയാണ് അര്‍ജന്റീനയും ഗോള്‍ പിറന്നത്. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് പിഴച്ചു. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്സണെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിച്ചു.
ഫൈനലിന്റെ രണ്ടാം പകുതിയില്‍ ബ്രസീല്‍ ശക്തമായി ഉണര്‍ന്ന് കളിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. 52ാം മിനിറ്റില്‍ റിച്ചാര്‍ലിസണ്‍ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡായി. അതിന് പിന്നാലെ 54ാം മിനിറ്റില്‍ റിച്ചാര്‍ലിസന്റെ ഗോളെന്നുറച്ച ഷോട്ട് എമിലിയാനോ മാര്‍ട്ടിനെസ് രക്ഷപ്പെടുത്തി.
ജയത്തോടെ അര്‍ജന്റീന 15 കോപ്പ അമേരിക്ക കിരീടവുമായി യുറഗ്വായുടെ റെക്കോര്‍ഡിന് ഒപ്പമെത്തി. അഞ്ച് മാറ്റങ്ങളോടെയാണ് അര്‍ജന്റീന ഫൈനലില്‍ ഇറങ്ങിയത്. ലയണല്‍ മെസിക്കൊപ്പം ലൊറ്റാരൊ മാര്‍ട്ടീനസും മുന്നേറ്റനിരയില്‍ ഇറങ്ങി. സെമി ഫൈനല്‍ കളിച്ച അതേ ടീമുമായി തന്നെയാണ് ബ്രസീല്‍ ഇറങ്ങിയത്