Pravasimalayaly

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ. കമ്മീഷണര്‍ ആര്‍ ഇളങ്കോ റിപ്പോര്‍ട്ട് ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍ക്ക് കൈമാറി. സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളുള്ള അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഉത്തരവ് ഇറങ്ങിയാല്‍ ആയങ്കിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനാകില്ല. സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്നു എന്നുകാട്ടി ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് കാപ്പ ശുപാര്‍ശ എന്നതും ശ്രദ്ധേയമാണ്.

ഡിവൈഎഫ്ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അര്‍ജ്ജുന്‍ ചാലാട് കേന്ദ്രീകരിച്ചായിരുന്നു അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സിപിഎം -ലീഗ്, സിപിഎം- ബിജെപി സംഘര്‍ഷങ്ങളില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കി.

എന്നാല്‍ നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അര്‍ജ്ജുന്‍ ഇതിനെ മറയാക്കി സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലേക്കും തിരിഞ്ഞു. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അര്‍ജ്ജുനും സംഘവും ചെയ്തുവന്നത്. ഇതിനായി ടിപി വധക്കേസ് പ്രതികളായ കൊടി സുനിയുമായും ഷാഫിയുമായും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും ചേര്‍ന്നു. ഗള്‍ഫിലും കേരളത്തിലുടനീളവും നെറ്റ് വര്‍ക്ക് ഉണ്ടാക്കി. കരിപ്പൂരില്‍ ഇങ്ങനെയൊരു ക്വട്ടേഷന്‍ കേസില്‍ കഴിഞ്ഞ വര്‍ഷം കസ്റ്റംസിന്റെ പിടിയിലായ ഇയാള്‍ ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുകയാണ്.ആയങ്കിക്കെതിരെയും ആകാശ് തില്ലങ്കേരിക്കെതിരെയും ഈ മാസം ആദ്യം ഡിവൈഎഫ്ഐയും പൊലീസില്‍ പരാതിനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ കമ്മീഷണര്‍ ശുപാര്‍ശ നല്‍കുന്നത്.

Exit mobile version