പാലക്കാട്: എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആര്‍എസ്എസ് പ്രവര്‍ത്തകരായ രമേശ്, അറുമുഖന്‍, ശരവണന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു.
ആര്‍എസ്എസ് നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് എഡിജിപി വ്യക്തമാക്കി. അറസ്റ്റിലായ രമേശ് സഞ്ജിത്തിന്റെ അടുത്ത സുഹൃത്താണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദിത്തം സുബൈറിന് ആയിരിക്കുമെന്ന് സഞ്ജിത് കൊല്ലപ്പെടുന്നതിന് മുന്‍പ് രമേശിനോട് പറഞ്ഞിരുന്നു. ഈ കൊലപാതകത്തിന്റെ പകയാണ് സുബൈറിന്റെ ജീവനെടുക്കുന്നതിലേക്ക് നയിച്ചത് എന്നും എഡിജിപി വ്യക്തമാക്കി.
നേരത്തെയും രണ്ടുതവണ സുബൈറിനെ കൊല്ലാനായി രമേശ് ശ്രമിച്ചിരുന്നു. ഇതേ സംഘം തന്നെയാണ് അന്നും കൊലപാതകം നടത്താന്‍ ശ്രമിച്ചത്. പൊലീസ് വാഹനം കണ്ടാണ് അന്ന് കൊലപാതകത്തില്‍ നിന്ന് പിന്‍മാറിയത്. പിന്നീട് പതിനഞ്ചാം തീയതി ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
അറസ്റ്റിലായ മൂന്നുപേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീനിവാസന്‍ കേസില്‍ പ്രതികളെയും എത്തിയ വാഹനവും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവില്‍പ്പോയ പ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണ്. ഇവര്‍ എവിടെയാണ് ഉള്ളതെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.