Pravasimalayaly

പരസ്പരം മോതിരം കൈമാറി ആര്യയും സച്ചിനും, സാക്ഷിയായി മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെയും ബാലുശേരി എം.എല്‍.എ കെഎം സച്ചിന്‍ ദേവിന്റെയും വിവാഹ നിശ്ചയ ചടങ്ങുകള്‍ സി.പി.എം സംസ്ഥാന കമ്മറ്റി ഓഫീസായ എ.കെ.ജി സെന്ററില്‍ രാവിലെ 11ന് നടന്നു. ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും മുതിര്‍ന്ന നേതാക്കളും മാത്രമാണ് പങ്കെടുത്തത്.കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. ബാലസംഘം, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകളില്‍ സഹപ്രവര്‍ത്തകരായിരുന്നു ഇരുവരും. എസ്എഫ്‌ഐ സംസ്ഥാനസെക്രട്ടറിയും പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ് സച്ചിന്‍. എസ്.എഫ്.ഐ സംസ്ഥാനസമിതി അംഗവും പാര്‍ട്ടി ചാല ഏരിയാ കമ്മിറ്റി അംഗവുമാണ് ആര്യ. രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറും കേരളനിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയും തമ്മിലുള്ള വിവാഹനിശ്ചയെന്ന പ്രത്യേകതയും ഇന്നത്തെ ചടങ്ങിനുണ്ട്.

ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലെത്തിയത്. ബാലസംഘം, എസ്എഫ്ഐ പ്രവര്‍ത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്. ഇരുപത്തിയേഴാം വയസിലാണ് നിയമസഭയിലെത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ഖ്യാദിയോടെയാണ് ആര്യ തിരുവനന്തപുരം മേയറായി ചുമതലയേറ്റത്. തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയായിരുന്നു തെരഞ്ഞെടുപ്പില്‍ പങ്കെടുത്തതും വിജയിച്ചതും. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍ഐസി ഏജന്റായ ശ്രീലതയുടേയും മകളാണ് ആര്യ.

Exit mobile version