ലഖിംപൂര്‍ ഖേരി കേസിലെ മുഖ്യപ്രതി ആശിഷ് മിശ്ര ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ച് ജാമ്യം അനുവദിച്ചു. കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്ര, കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ട ലംഖിംപുര്‍ ഖേരി സംഭവം നടന്നത് ഒക്ടോബര്‍ മൂന്നിനായിരുന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉത്തര്‍പ്രശേിലെ ലംഖിംപൂര്‍ ഖേരിയില്‍ സമരം ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്കു കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ളത് ഉള്‍പ്പെടുന്ന വാഹനവ്യൂഹം ഇടിച്ചുകയറുകയായിരുന്നു.
സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരും ഡ്രൈവറും കൊല്ലപ്പെട്ടു.
കേസില്‍ ഒക്ടോബര്‍ ഒമ്പതിനാണ് ആശിഷ് മിശ്ര അറസ്റ്റിലായത്. ശേഖര്‍ ഭാരതി ഒക്ടോബര്‍ 12നും അങ്കിത് ദാസ്, ലത്തീഫ് എന്നിവര്‍ പിറ്റേ ദിവസവും അറസ്റ്റിലായി. കേസില്‍ ഈ വര്‍ഷം ആദ്യം ആശിഷ് മിശ്രയ്ക്കും മറ്റു 13 പേര്‍ക്കുമെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊലപാതകം, കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണു കേസിലെ ആദ്യ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്.