ലഖിംപുര്‍ ഖേരി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര കീഴടങ്ങി. കേസില്‍ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി, ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്ന് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുന്‍പാകെയാണ് ആശിഷ് മിശ്ര കീഴടങ്ങിയത്.
ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഇരകളായവരുടെ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. വിഷയത്തില്‍ ഹൈക്കോടതി അനാവശ്യ തിടുക്കം കാട്ടിയെന്ന് സുപ്രീംകോടതി വിലയിരുത്തി. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളുടെ വാദം കേള്‍ക്കാന്‍ ഹൈക്കോടതി തയ്യാറായിട്ടില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ആശിഷ് മിശ്രയ്ക്ക് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാം. ഈ അപേക്ഷയില്‍ ആദ്യം മുതല്‍ ഹൈക്കോടതി വാദം കേള്‍ക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇരകളുടെ വാദം കേള്‍ക്കാത്തതും ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതി കാണിച്ച തിടുക്കവും ജാമ്യം റദ്ദാക്കുന്നതിലേക്ക് നയിച്ചു് ബെഞ്ച് വ്യക്തമാക്കി. ജാമ്യാപേക്ഷ ഉള്‍പ്പെടെയുള്ള എല്ലാ നടപടികളിലും പങ്കെടുക്കാന്‍ ഇരകള്‍ക്ക് അവകാശമുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു