രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പിന്നാലെ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുന്നത് ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. രാജസ്ഥാനിലെ രാഷ്ട്രീയ നാടകത്തിലൂടെ അധ്യക്ഷനാകാൻ അർഹതയില്ലെന്ന് ഗെലോട്ട് തെളിയിച്ചെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർഥിയായാണ് അശോക് ഗെലോട്ടിനെ നിശ്ചയിച്ചിരുന്നത്.
സോണിയ ഗാന്ധി നേരിട്ടാണ് ഗെലോട്ടിനോട് അധ്യക്ഷനാകാൻ ആവശ്യപ്പെട്ടത്. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എന്നാൽ സംസ്ഥാനത്തെ എംഎൽഎമാരെ നിയന്ത്രിക്കാനാകാത്ത ഗെലോട്ട് അധ്യക്ഷ പദവിക്ക് യോഗ്യനല്ലെന്ന് മുതിർന്ന നേതാക്കളടക്കം നിലപാടെടുത്തു. ഗെലോട്ടിന് പകരം ദിഗ്വിജയ് സിങ്, കമൽനാഥ്, മുകുൾ വാസ്‌നിക് എന്നിവരിൽ ഒരാളെ പരിഗണിച്ചേക്കുമെന്നാണ് സൂചന. ഈ മാസം 30 വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം.
ഗെലോട്ട് പ്രസിഡന്റാകുമ്പോൾ പകരം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾക്കിടെയാണ് രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. മുഖ്യമന്ത്രിയായി ഗാന്ധി കുടുംബം നിർദേശിച്ച സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട്ട് പക്ഷക്കാരായ എംഎൽഎമാർ നിലപാടെടുക്കുകയായിരുന്നു. തീരുമാനത്തെ വെല്ലുവിളിച്ചുള്ള നാടകീയ നീക്കത്തിൽ 92 എംഎൽഎമാർ രാജിഭീഷണി മുഴക്കുകയും ചെയ്തു.
നിർണായകഘട്ടത്തിൽ അശോക് ഗെലോട്ട് പാർട്ടിയെ അപമാനിച്ചെന്ന ആരോപണവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും എത്തിയതോടെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കാൻ ഹൈക്കമാൻഡ് ആലോചിക്കുന്നത്.