Pravasimalayaly

എറണാകുളത്ത് പോരാട്ടം കനക്കും : കോട്ട കാക്കാൻ യു ഡി എഫ് : ട്വന്റി 20 ൽ ഭയന്ന് ഇരു മുന്നണികളും

യു ഡി എഫിനെ എല്ലാ കാലവും സഹായിച്ച മണ്ണാണ് എറണാകുളത്തിന്റേത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 14 ൽ 9 സീറ്റ് നേടിയ യു ഡി എഫ് ഇത്തവണ 12 സീറ്റ് ലക്ഷ്യം വയ്ക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും കാര്യമായ കോട്ടം തട്ടാത്ത യു ഡി എഫിന് ട്വന്റി 20 യുടെ വരവ് ഏത് രീതിയിൽ ബാധിക്കുമെന്ന ആശങ്കയും ഉണ്ട്.

കഴിഞ്ഞ തവണ യു ഡി എഫിൽ നിന്ന് കൈവിട്ട തൃപ്പൂണിത്തുറ മണ്ഡലം തിരികെ പിടിക്കാൻ ഉറച്ചാണ് മുൻ മന്ത്രി കെ ബാബു. അഴിമതി കേസിൽ ലഭിച്ച ക്ളീൻ ചീറ്റ് തുണയ്ക്കുമെന്ന വിശ്വാസത്തിലാണ് കെ ബാബു. വികസന പ്രവർത്തനങ്ങളിലൂടെയും നിയമസഭയിലെ മികച്ച പ്രകടനത്തിലൂടെയും ശ്രദ്ധേയനായ എം സ്വരാജ് മണ്ഡലം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് എൽ ഡി എഫ് ക്യാമ്പ്.
ബിജെപി സ്‌ഥാനാർഥി കെ രാധാകൃഷ്ണൻ മണ്ഡലത്തിൽ സജീവമാണ്.

മുൻ മേയർ ടോണി ചമ്മണിയും സിറ്റിംഗ് എം എൽ എ കെ ജെ മാക്സിയും ഏറ്റുമുട്ടുന്ന കൊച്ചി മണ്ഡലത്തിൽ തീപാറും പോരാട്ടമാണ്. സഭ വോട്ടുകൾ നിർണ്ണായകമായ മണ്ഡലം തിരികെ പിടിക്കേണ്ടത് യു ഡി എഫിന്റെ അഭിമാന പ്രശ്നം കൂടിയാണ്..

കോതമംഗലത്ത് സിറ്റിംഗ് എം എൽ എ ആന്റണി ജോനും കേരള കോൺഗ്രസ്‌ സ്‌ഥാനാർഥി ഷിബു തേക്കുമ്പുറവും ഇഞ്ച്ചോടിഞ്ഞ് പോരാട്ടത്തിലാണ്.

അഴിമതി ആരോപണത്തിലൂടെ ശ്രദ്ധ നേടിയ കളമശേരി മണ്ഡലം പിടിച്ചെടുക്കാൻ സിപിഎം കരുത്തനായ പി രാജീവിനെയാണ് രംഗത്ത് ഇറക്കിയിരിക്കുന്നത്. മുൻ മന്ത്രി ഇബ്രാഹീംകുഞ്ഞിന്റെ മകൻ വി ഇ അബ്ദുൽ ഗഫൂർ ആദ്യം ഉണ്ടായിരുന്ന പ്രാദേശിക എതിർപ്പുകൾ മറികടന്നു പ്രചാരണത്തിൽ സജീവമാണ്.

ട്വന്റി 20 നാല് പഞ്ചായത്തുകൾ ഭരിക്കുന്ന കുന്നത്ത് നാട്ടിൽ സിറ്റിംഗ് എം എൽ എ വി പി സജീന്ദ്രൻ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ട്വന്റി 20 ജയിക്കുമെന്ന് വലിയ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലത്തിൽ ഡോ സുജിത് പി സുരേന്ദ്രൻ ഇരു മുന്നണികൾക്കും നൽകുന്ന ആശങ്ക ചെറുതല്ല.
എൽ ഡി എഫിന് വേണ്ടി പി വി ശ്രീനിജൻ അരയും തലയും മുറുക്കി റംഗത്തുണ്ട്.

പിറവത്ത് സിറ്റിംഗ് എം എൽ എ അനൂപ് ജേക്കബ്ബിന് എതിരെ കേരള കോൺഗ്രസ്‌ എമിന് വേണ്ടി ഡോ സിന്ധുമോൾ ജേക്കബ് മത്സരിക്കുന്നു. യാക്കോബായ സഭയുടെ വോട്ടിലാണ് എൽ ഡി എഫിന്റെ പ്രതീക്ഷകൾ

അങ്കമാലിയിൽ കോൺഗ്രസ്‌ യുവരക്തം റോജി എം ജോണിനെ നേരിടാൻ ഇടതുമുന്നണി ഇറക്കിയിരിക്കുന്നത് മുൻ മന്ത്രി ജോസ് തെറ്റയിലിനെ ആണ്. .

യു ഡി എഫ് കോട്ടയായ ആലുവയിൽ അൻവർ സാദത്തിനെതിരെ പുതുമുഖം ഷെൽന നിഷാദ് റംഗത്തുണ്ട്

പറവൂരിൽ വി ഡി സതീശനെതിരെ സിപിഐയുടെ എം ടി നിക്സൻ മത്സരിക്കുവാൻ ഉറച്ചുതന്നെയാണ്.


എറണാകുളത്ത് കോട്ട കാക്കാൻ ടി ജെ വിനോദ് ഇറങ്ങുമ്പോൾ അട്ടിമറിയിക്കായി ഷാജി ജോർജ് പടക്കൊപ്പണിയുന്നു

Exit mobile version