തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തിന്റെ വിവിധ വശങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതിനാല്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കി. സഭ നിര്‍ത്തിവെച്ച് ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്യാമെന്നാണ് അറിയിച്ചിട്ടുള്ളത്.
ചട്ടം 51 പ്രകാരം ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ടു മണിക്കൂര്‍ ആണ് ചര്‍ച്ച നടക്കുക. പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ ആണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നല്‍കിയ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
സ്വപ്‌നയുടെ രഹസ്യമൊഴി പിന്‍വലിക്കുന്നതിനായി സര്‍ക്കാര്‍ ഇടപെട്ടുവെന്നാണ് പ്രതിപക്ഷം ആരോപിച്ചിരുന്നത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ നിയമസഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്ന രണ്ടാമത്തെ അടിയന്തര പ്രമേയമാണിത്. നേരത്തെ സില്‍വര്‍ ലൈന്‍ വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയം അനുവദിച്ച് ചര്‍ച്ച നടത്തിയിരുന്നു.