നിയമസഭാ തിരഞ്ഞെടുപ്പിൽ യാക്കോബായ സഭയെ ഒപ്പം നിർത്തി ബി.ജെ.പി: യാക്കോബായ സഭയുടെ നാല് മെത്രാപ്പോലീത്തമാർ ഡൽഹിയിൽ; അമിത്ഷായെ കണ്ട് സന്ദർശനം നടത്തുന്നത് കോട്ടയം ജില്ലയിലെ ബി.ജെ.പി നേതാക്കളുടെ മധ്യസ്ഥതയിൽ

0
36

കോട്ടയം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സഭാ തർക്കത്തിൽ നിർണ്ണായകമായ ഇടപെടൽ ആവശ്യപ്പെട്ട് യാക്കോബായ സഭ വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ സന്ദർശിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കോട്ടയം ജില്ലയിൽ നിന്നുള്ള ബി.ജെ.പി സംസ്ഥാന നേതാവിന്റെ ഇടപെടലിനെ തുടർന്ന് യാക്കോബായ സഭ നേതൃത്വത്തിന് ഡൽഹിയിൽ എത്തി അമിത്ഷായുമായി ചർച്ച നടത്താൻ തീരുമാനമാകുകയായിരുന്നു.

യാക്കോബായ സഭ കോട്ടയം ഭദ്രാസന്നാധിപൻ ഡോ.തോമസ് മാർ തിമോത്തിയോസിന്‍റെ നേതൃത്വത്തിലുള്ള നാല് മെത്രാപ്പോലിത്താമാരാണ് വെള്ളിയാഴ്ച ബി.ജെ.പി കേന്ദ്ര നേതൃത്വത്തെയും കേന്ദ്രമന്ത്രിമാർ അടക്കമുള്ളവരെയും സന്ദർശിക്കുക. ജോസഫ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ തെയോഫിലോസ്, യൂഹന്നാൻ മാർ മിലിത്തിയോസ് എന്നിവരും സംഘത്തിലുണ്ടാകും. ഇന്നു ഉച്ചയോടെ ഈ സംഘം നെടുമ്പാശേരിയിൽ നിന്നും ഡൽഹിയിലേയ്ക്കു തിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. യാക്കോബായ സഭ ബി.ജെ.പി നേതൃത്വവുമായി അടുക്കുന്നത് കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ബി.ജെ.പിയ്ക്ക് കരുത്തായി മാറുമെന്നാണ് ലഭിക്കുന്ന സൂചന.

നേരത്തെ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷനും മിസോറാം ഗവർണ്ണറുമായ പി.കെ ശ്രീധരൻപിള്ള കേരളത്തിൽ എത്തിയപ്പോൾ യാക്കോബായ സഭ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും കൊച്ചിൻ ഷിപ്പിയാർഡ് ഓഡിറ്റ് വിഭാഗം ചെയർമാനും ഡയറക്ടർ ബോർഡ് അംഗവുമായ ബി.രാധാകൃഷ്ണ മേനോനാണ് യാക്കോബായ സഭയുടെ ചർച്ചകളിൽ മധ്യസ്ഥത വഹിച്ചത്. യാക്കോബായ സഭയുടെ മെത്രാപ്പോലീത്താമാരുമായി രാധാകൃഷ്ണമേനോന് വ്യക്തിപരമായ അടുപ്പമുണ്ട്. ഈ അടുപ്പമാണ് ഇപ്പോൾ സഭയെയും ബി.ജെ.പിയെയും തമ്മിൽ അടുപ്പിച്ച് നിർത്തിയിരിക്കുന്നത്.

യാക്കോബായ സഭ – ഓർത്തഡോക്‌സ് സഭ തർക്കം രമ്യമായി പരിഹരിക്കണമെന്ന നിലപാടാണ് ബി.ജെ.പി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ ഈ നിലപാടിനെ തുടർന്നാണ് ഇപ്പോൾ യാക്കോബായ സഭ, തർക്കം പരിഹരിക്കുന്നതിൽ ബി.ജെ.പി നേതാക്കളെ വിശ്വാസത്തിൽ എടുത്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply