Pravasimalayaly

കശ്മീരില്‍ വന്‍ ഏറ്റുമുട്ടല്‍, ആറു ഭീകരരെ വധിച്ചു; സുരക്ഷാ ഉദ്യോഗസ്ഥന് വീരമൃത്യു

ജമ്മുവില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ സുരക്ഷാ ഉദ്യോഗസ്ഥന് വീരമൃത്യു. സുരക്ഷാസേനയുടെ പ്രത്യാക്രമണത്തില്‍ രണ്ടു തീവ്രവാദികളെ വധിച്ചു.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജമ്മു സന്ദര്‍ശനത്തിന് രണ്ടും ദിവസം മാത്രം ബാക്കിനില്‍ക്കേയാണ് ഭീകരാക്രമണം ഉണ്ടായത്. ഇതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

ഇന്ന് പുലര്‍ച്ചെ ജമ്മുവിലെ കരസേന കേന്ദ്രത്തിന് സമീപമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥന്‍ മരിച്ചതിന് പുറമേ നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മുവിലെ സുന്‍ജ്വാന്‍ കന്‍ോണ്‍മെന്റ് മേഖലയില്‍ തീവ്രവാദികള്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. 

നഗരത്തില്‍ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്. 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ബസിനെ ആക്രമിക്കാനാണ് ഭീകരര്‍ പദ്ധതിയിട്ടതെന്ന് സിഐഎസ്എഫ് അറിയിച്ചു. ശക്തമായ പ്രത്യാക്രമണത്തില്‍ ഭീകരര്‍ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. തീവ്രവാദികളുടെ ആക്രമണത്തില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് ജീവന്‍ നഷ്ടമായതായും സിഐഎസ്എഫ് അറിയിച്ചു.

വലിയ തോതിലുള്ള ആക്രമണമാണ് തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു അവരുടെ ലക്ഷ്യമെന്നും അധികൃതര്‍ അറിയിച്ചു. ഞായറാഴ്ചയാണ് മോദി ജമ്മുവില്‍ എത്തുക. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

അതിനിടെ ഇന്നലെ രാവിലെ മുതല്‍ ബാരാമുള്ള ജില്ലയില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ നാലു ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. ലഷ്്കര്‍ ഇ തോയ്ബ കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ള ഭീകരരെയാണ് വധിച്ചത്. തലയ്ക്ക് വില പറഞ്ഞ പത്തു പ്രമുഖ ഭീകരരില്‍ ഒരാളായ യൂസഫ് കാന്‍ട്രോയെയാണ് സൈന്യം വധിച്ചത്.

Exit mobile version