‘തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായി’; ഇരയാക്കപ്പെടലില്‍ നിന്ന് അതിജീവനത്തിലേക്കുള്ള യാത്രയിലെന്ന് ആക്രമിക്കപ്പെട്ട നടി

0
275

ഇരയാക്കപ്പെടലില്‍ നിന്ന് അതിജീവനത്തിലേക്കുള്ള യാത്രയെന്ന് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി. തനിക്ക് വേണ്ടി ഇത്രയും ശബ്ദങ്ങള്‍ ഉയരുമ്പോള്‍ തനിച്ചല്ലെന്ന് തോന്നുന്നു. തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായതായി നടി പ്രതികരിച്ചു. കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായതിന് ശേഷം ആദ്യമായാണ് നടിയുടെ പ്രതികരണം.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ സാക്ഷി ജിന്‍സനുമായുള്ള പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി ഓഡിയോയില്‍ പറയുന്നു. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെ കുറിച്ചും ജിന്‍സനോട് പള്‍സര്‍ സുനി ചോദിച്ചതായും ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാകും. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു സാക്ഷിയായ ജിന്‍സന്‍. ഫോണ്‍ സംഭാഷണത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഡാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിനെതിരായ പുതിയ കേസിന്റെ എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത് വന്നു. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടതായി എഫ്‌ഐആറില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് പരാതിക്കാരന്‍. എസ്പി കെ എസ് സുദര്‍ശന്റെ കൈവെട്ടുമെന്ന് ദിലീപ് പറഞ്ഞതായും എഫ്‌ഐആറില്‍ പറയുന്നു.ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തില്‍ വച്ച് അന്വേഷണ ഉദ്യോഗസ്ഥരെയും സാക്ഷികളെയും അപായപ്പെടുത്താന്‍ ഗൂഡാലോചന നടന്നുവെന്നാണ് എഫ്‌ഐആറിലെ കണ്ടെത്തല്‍. 2017 നവംബര്‍ 15നായിരുന്നു ഗൂഡാലോചന നടന്നത്.

Leave a Reply