അട്ടപ്പാടി മധു കേസ്: സാക്ഷി വിസ്താരം വീഡിയോയിൽ പകർത്തണമെന്ന മധുവിന്റെ അമ്മയുടെ ആവശ്യം അംഗീകരിച്ചു

0
27

അട്ടപ്പാടി മധു കേസിൽ സാക്ഷി വിസ്താരം വീഡിയോയിൽ ചിത്രീകരിക്കും. മധുവിന്റെ അമ്മ മല്ലിയുടെ ആവശ്യം കോടതി അംഗീകരിച്ചു. കേസിൽ വിചാരണ നടത്തുന്ന മണ്ണാർക്കാട് പട്ടികജാതി – പട്ടികവർഗ വിചാരണ കോടതിയാണ് മല്ലിയുടെ ആവശ്യം അംഗീകരിച്ചത്.  മധുവിന്റെ അമ്മ മല്ലി , സഹോദരി, സഹോദരീ ഭർത്താവ് എന്നിവരുടെ വിസ്താരം വീഡിയോയിൽ ചിത്രീകരിക്കാനാണ് നിലവിൽ അനുമതി നൽകിയിട്ടുള്ളത്.

കേസിലെ മുഴുവൻ വിചാരണ നടപടികളും ചിത്രീകരിക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജിയിൽ കോടതി നാളെ വിധി പറയും. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള 11 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഇനി വിസ്തരിക്കാനുള്ളത് ഉദ്യോഗസ്ഥരെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചത്.

ഓഗസ്റ്റ് 20ന് ആണ് 12 പ്രതികളുടെ ജാമ്യം വിചാരണ കോടതി റദ്ദാക്കിയത്. പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നായിരുന്നു വിചാരണ കോടതി കണ്ടെത്തൽ. വിചാരണ കോടതി ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ പന്ത്രണ്ടാം പ്രതിക്ക് മാത്രം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെ സെപ്തംബർ 19ന്, പതിനൊന്ന് പ്രതികളും വിചാരണ കോടതിയിൽ കീഴടങ്ങിയിരുന്നു.

Leave a Reply