Saturday, November 23, 2024
HomeNewsKeralaസോളർ കേസ്; സരിതയെ ഭക്ഷണത്തിൽ രാസവസ്തു ചേർത്ത് കൊല്ലാൻ ശ്രമമെന്ന് പരാതി: ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

സോളർ കേസ്; സരിതയെ ഭക്ഷണത്തിൽ രാസവസ്തു ചേർത്ത് കൊല്ലാൻ ശ്രമമെന്ന് പരാതി: ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

സോളർ കേസിലെ പ്രതി സരിത എസ്.നായരെ ഭക്ഷണത്തിൽ പലതവണയായി രാസവസ്തു ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുൻ ഡ്രൈവർ വിനു കുമാറാണ് രാസവസ്തു കലർത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. നാലുമാസത്തെ പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. രാസവസ്തു കഴിച്ചതിനെ തുടർന്ന് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായ സരിതയുടെ ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു. ഇടതു കാലിനും സ്വാധീനക്കുറവുണ്ടായി. നിലവിൽ ചികിൽസയിലാണെന്നു സരിത പറഞ്ഞു.

പരാതിക്കാരിയെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ സരിത നൽകിയ പീഡനപരാതിയിലെ പ്രതികളുമായി വിനു കുമാർ ഗൂഢാലോചന നടത്തിയതായി എഫ്ഐആറിൽ പറയുന്നു. പരാതിക്കാരിക്ക് മരണം വരെ സംഭവിക്കാവുന്ന തരത്തിൽ രാസപദാർഥങ്ങൾ നൽകി. ഐപിസി 307 (കൊലപാതകശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിതമായ ഗൂഢാലോചന) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രോഗം ബാധിച്ചതിനെത്തുടർന്ന് ചികിൽസ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്ന് സരിത പറഞ്ഞു.

രക്തത്തിൽ അമിത അളവിൽ ആഴ്സനിക്, മെര്‍ക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. 2018 മുതൽ കൊലപാതകശ്രമം ആരംഭിച്ചതായി സരിത പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ വിഷ വസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നു. എന്നാൽ, ആരാണെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ പരാതി നൽകിയില്ല. 2022 ജനുവരി 3ന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയിൽ വച്ചാണ് വിനു കുമാറാണ് രാസവസ്തു കലർത്തിയതെന്നു മനസിലായത്. ജൂസ് കുടിക്കാതെ കളഞ്ഞു. കുടിച്ച ഗ്ലാസ് എവിടെയെന്നു ചോദിച്ച് വിനു കുമാർ ബഹളമുണ്ടാക്കിയപ്പോൾ പിറ്റേന്നു മുതൽ ജോലിക്കു വരേണ്ടെന്ന് വിനു കുമാറിനോട് പറഞ്ഞു. ഡോക്ടർമാരുടെ അഭിപ്രായവും മെഡിക്കൽ റിസൾട്ടും കിട്ടിയശേഷമാണ് സരിത ക്രൈംബ്രാഞ്ചിനു പരാതി നൽകിയത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments