തിരുവനന്തപുരം: ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ചടങ്ങുകള്‍ക്ക് ആരംഭം. രാവിലെ 11 മണിയോടെയാണ് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിന് തീ കൊളുത്തിയത്. ഇതേ സമയം നഗരത്തിലെ വിവിധ വീടുകളില്‍ ഒരുക്കിയ പൊങ്കാല അടുപ്പുകള്‍ക്കും തീ കൊടുത്തു.ഉച്ചയ്ക്ക് 1.20നാണ് ദേവിക്കുള്ള നിവേദ്യ സമര്‍പ്പണം. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വീടുകളില്‍ പൊങ്കാല ഒരുക്കാനാണ് നിര്‍ദേശം. ക്ഷേത്രപരിസരത്ത് 1500 പേര്‍ക്ക് പൊങ്കാല നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. പണ്ടാര അടുപ്പില്‍ മാത്രമാണ് ഇത്തവണയും പൊങ്കാല. എഴുന്നള്ളത്തിനും നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. കുത്തിയോട്ടവും പണ്ടാരഓട്ടവും മാത്രമാണ് നടത്തുന്നത്.നേരത്തെ 200 പേര്‍ക്കും പിന്നീട് 1500 പേര്‍ക്കും ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ക്ഷേത്രപരിസരത്ത് പൊങ്കാല അര്‍പ്പിക്കുന്നവരെ തെരഞ്ഞെടുക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കി. ഇപ്പോള്‍ കോവിഡ് കുറഞ്ഞ് വരുകയാണ്. പൊങ്കാലയില്‍ ജനകൂട്ടമെത്തിയാല്‍ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇതൊക്കെ കണത്തിലെടുത്താണ് പണ്ടാര അടുപ്പില്‍ മാത്രം പൊങ്കാല മതിയെന്ന് തീരുമാനിച്ചത്.പൊങ്കാല നിവേദിക്കുന്നതിന് ക്ഷേത്രത്തില്‍ നിന്ന് പൂജാരിമാരെ നേരത്തെ നിയോഗിച്ചിരുന്നു. എന്നാല്‍ ഇത്തവണ ക്ഷേത്രത്തില്‍ നിന്നും പൂജാരിരെയും നിയോഗിച്ചില്ല. രാവിലെ പത്ത് അന്‍പതിനാണ് പണ്ടാര അടുപ്പില്‍ തീ കത്തിക്കുന്നത്. ഉച്ചക്ക് ഒന്ന് ഇരുപതിന് നിവേദിക്കും. എഴുന്നള്ളത്തിനും നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്.പൊങ്കാലയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഈ ദിവസങ്ങളില്‍ വന്‍ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ആയിരക്കണക്കിന് ഭക്തര്‍ കഴിഞ്ഞ ദിവസം ദേവിയെ കണ്ട് അനുഗ്രഹം വാങ്ങാനായി ക്ഷേത്രത്തിലേക്ക് എത്തി. കൊവിഡ് സാഹചര്യം മെച്ചപ്പെട്ട് അടുത്ത വര്‍ഷമെങ്കിലും വിപുലമായ നിലയില്‍ പൊങ്കാല നടത്താന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് ഭക്തര്‍.