ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരവുമായ ആഷ്‌ലി ബാര്‍ടിക്ക് തന്നെ. ഫൈനലില്‍ അമേരിക്കയുടെ ഡാനിയേലെ കോളിന്‍സിനെ വീഴ്ത്തിയാണ് ബാര്‍ടി കന്നി ഓസ്‌ട്രേലിയന്‍ കിരീടത്തില്‍ മുത്തമിട്ടത്.
രണ്ട് സെറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ ആദ്യ സെറ്റ് ബാര്‍ടി അനായാസം നേടി. എന്നാല്‍ രണ്ടാം സെറ്റില്‍ കോളിന്‍സിന്റെ മുന്നേറ്റം കണ്ടു. 5-1 എന്ന നിലയില്‍ കോളിന്‍സ് മുന്നില്‍ നിന്നു. അവിടെ നിന്ന് അവിശ്വസനീയ കുതിപ്പാണ് ബാര്‍ടി നടത്തിയത്. ടൈബ്രേക്കറിലേക്ക് മത്സരം നീട്ടിയ ഓസ്‌ട്രേലിയന്‍ താരം പിന്നീട് ഒരു പഴുതും അനുവദിക്കാതെ കിരീടം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 6-3, 7-6 (7-2).
മോല്‍ബണിലെ ലോര്‍ഡ് ലോവര്‍ അരീനയില്‍ ചരിത്രമെഴുതിയാണ് ബാര്‍ടിയുടെ കിരീടധാരണം. ഫൈനല്‍ പ്രവേശം തന്നെ അപൂര്‍വ നേട്ടമാക്കി മാറ്റിയ ബാര്‍ടി പിന്നാലെ കിരീട നേട്ടത്തോടെ മറ്റൊരു ചരിത്രവും ഒപ്പം ചേര്‍ത്തു. 1978ല്‍ കിരീടം നേടിയ ക്രിസ്റ്റീന്‍ ഒ നെയ്‌ലിന് ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയന്‍ വനിതാ താരമെന്ന നേട്ടമാണ് ബാര്‍ടി സ്വന്തമാക്കിയത്. 41 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു ഓസ്‌ട്രേലിയന്‍ താരം ഫൈനലിലേക്ക് മുന്നേറുന്നത്. 1980ല്‍ വെന്‍ഡി ടണ്‍ബുള്ളാണ് ബാര്‍ടിക്ക് മുമ്പ് അവസാനമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ കളിച്ച ഓസീസ് താരം.
2019ലെ ഫ്രഞ്ച് ഓപ്പണും 2021ലെ വിംബിള്‍ഡണും നേടിയ ബാര്‍ടിക്ക് ഒടുവില്‍ കന്നി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും സ്വന്തം.