ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പാണ് നെക്സ ഷോറൂമുകള്‍. ഇപ്പോഴിതാ നെക്സ മോഡലുകളായ ഇഗ്നിസ്, ബലേനോ, സിയാസ്, എസ്-ക്രോസ്, എക്സ് എൽ 6 എന്നിവക്ക് വമ്പന്‍ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസുക്കി എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയിരുന്ന ലോക്ക്ഡൗൺ കാരണം കഴിഞ്ഞ മാസം പ്രതിമാസ വിൽപ്പനയിൽ കാര്യമായ ഇടിവാണ് മാരുതി സുസുക്കി നേരിട്ടത്. ഈ പ്രതിസന്ധി മറികടന്ന് വിൽപ്പനക്ക് ഉത്തേജനം നൽകുകയാണ് ജൂണിലെ ഈ ഓഫറുകളിലൂടെ കമ്പനി ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍
. നെക്‌സ ശ്രേണിയിലെ എൻട്രി ലെവൽ മോഡലായ ഇഗ്നിസിൽ 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് ജൂൺ മാസത്തിൽ മാരുതി സുസുക്കി വാഗ്‍ദാനം ചെയ്യുന്നത്. വാഹനത്തിന്‍റെ സിഗ്മ വേരിയന്റിൽ 20,000 രൂപയും ഡെൽറ്റ പതിപ്പിന് 15,000 രൂപയുമാണ് ഓഫര്‍. മാരുതി സുസുക്കിയുടെ ഏറ്റവും ചെറിയ നെക്സ വാഹനമാണ് ഇഗ്നിസ്. കഴിഞ്ഞ വർഷം തുടക്കത്തിൽ വാഹനം പരിഷ്കരിച്ചിരുന്നു. 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹൃദയം.
പ്രീമിയം ഹാച്ച്ബാക്കായ ബലേനോക്ക് 41,000 രൂപ വരെയുള്ള കിഴിവുകളാണ് നൽകുന്നത്. 25,000 രൂപ വരെ ക്യാഷ് ആനുകൂല്യങ്ങളും ഡീലർമാരിൽ നിന്ന് നേരിട്ട് 10,000 രൂപ എക്സ്ചേഞ്ച് ആനുകൂല്യവും ലഭിക്കും. കൂടാതെ, കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് 4,000 രൂപ വരെ അധിക ആനുകൂല്യവും നൽകുന്നുണ്ട്. ഓൺലൈൻ പര്‍ച്ചേസിംഗില്‍ 3,000 രൂപ വരെ കിഴിവ് ലഭിക്കും. ബലേനോയുടെ ബേസ് മോഡൽ സിഗ്മയിൽ 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ്ട് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതേസമയം പ്രീമിയം ഹാച്ച്ബാക്കിന്റെ ഡെൽറ്റ വേരിയന്റിൽ 15,000 രൂപയും സീറ്റ, ആൽഫ പതിപ്പുകളിൽ 10,000 രൂപയുമാണ് ക്യാഷ് ഡിസ്‌കൗണ്ടായി നേടാനാവുക. 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകൾക്കൊപ്പം 5 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സും ജനപ്രിയ മോഡലായ ബലേനോയില്‍ ഉണ്ട്.
മാരുതി XL6 എംപിവിക്ക് 4,000 രൂപയുടെ കോർപ്പറേറ്റ് കിഴിവാണ് ജൂൺ മാസത്തെ ഓഫറായി കമ്പനി വാഗ്ദാനം ചെയ്യുന്നത്. വിൽപ്പന കിഴിവായി 3,000 രൂപയും ലഭിക്കും. ഏറ്റവും കുറവ് ജൂൺ ഓഫറുള്ളതും എക്സ്എൽ 6നാണ്. എർട്ടിഗ എംപിവിയുടെ ആറ് സീറ്റർ ഡെറിവേറ്റീവാണ് മാരുതി സുസുക്കി എക്സ്എൽ 6.
മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്‍റ് മോഡലായ എസ്-ക്രോസിന് നെക്സ ഡീലർമാർ 38,000 രൂപ വരെ കിഴിവ് നൽകും. 15,000 രൂപ ക്യാഷ് ആനുകൂല്യങ്ങളും 15,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കും.
മിഡ്-സൈസ് സെഡാനായ സിയാസിന് എക്‌സ്‌ചേഞ്ച് ബോണസായി 15,000 രൂപ വരെയും കോർപ്പറേറ്റ് കിഴിവായി 5,000 രൂപയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഓൺലൈനിൽ വാഹനം വാങ്ങുകയാണെങ്കിൽ 3,000 രൂപ കിഴിവും ലഭിക്കും. 1.5 ലിറ്റർ, നാല് സിലിണ്ടർ, പെട്രോൾ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം.
ഈ ഓഫറുകൾ ജൂണിൽ മാത്രമാണ് നൽകുന്നത്. രാജ്യത്തെ വിവിധ നഗരങ്ങളെയും ഡീലര്‍ഷിപ്പുകളെയും അനുസരിച്ച് ഈ ഓഫറുകളില്‍ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.