Pravasimalayaly

സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിക്കും

തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് ചാര്‍ജിനൊപ്പം ഓട്ടോ, ടാക്‌സി നിരക്കുകളും വര്‍ധിപ്പിക്കേണ്ട സാഹചര്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ചാര്‍ജ് വര്‍ധന സംബന്ധിച്ച് അന്തിമ തീരുമാനം സര്‍ക്കാര്‍ എടുക്കുമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.

അവസാനം ഓട്ടോ, ടാക്‌സി ചാര്‍ജ് കൂട്ടിയത് നാല് കൊല്ലം മുമ്പാണ്. അതിന് ശേഷം പെട്രോള്‍, ഡീസല്‍ വിലയില്‍ വലിയ വര്‍ധനയുണ്ടായതായും മന്ത്രി പറഞ്ഞു.നിലവില്‍ 25 രൂപയാണ് ഓട്ടോയുടെ മിനിമം ചാര്‍ജ്. ഇത് 30 ആക്കണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ നിര്‍ദേശം. 

തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയാക്കണമെന്നും കമ്മിറ്റി നിര്‍ദേശിക്കുന്നു. മിനിമം ടാക്‌സി നിരക്ക് നിലവിലെ 210ല്‍ നിന്നും 240 ആയി ഉയര്‍ത്തണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു. ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ചാര്‍ജ് വര്‍ധനയില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Exit mobile version