കോഴിക്കോട് ആവിക്കല്‍ തോടിലെ മലിനജല പ്ലാന്റുമായി ബന്ധപ്പെട്ട് എം.എല്‍.എ വിളിച്ച യോഗത്തില്‍ സംഘര്‍ഷം. ജനസഭ വിളിച്ചുചേര്‍ത്ത തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയ്ക്കെതിരെയായിരുന്നു പ്രതിഷേധം. സമരസമിതിയുടെ ഭാഗം കേള്‍ക്കാന്‍ എംഎല്‍എ തയാറാകുന്നില്ലെന്ന് സമരസമിതിക്കാര്‍ ആരോപിച്ചു. ശക്തമായ പ്രതിഷേധമുണ്ടായതോടെ എം.എല്‍.എ സ്ഥലത്ത് നിന്നും മടങ്ങി.
ബന്ധപ്പെട്ട വാര്‍ഡിലെ ആളുകളെ പങ്കെടുപ്പിക്കാതെ തൊട്ടടുത്ത വാര്‍ഡിലെ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മലിനജല പ്ലാന്റ് ആവശ്യം ചര്‍ച്ച ചെയ്‌തെന്നാണ് ഇവര്‍ ആരോപിക്കുന്നത്. എതിര്‍പ്പുകള്‍ മറികടന്ന് ചോദ്യം ചോദിച്ചവരെ യോഗത്തില്‍ നിന്നു പുറത്താക്കിയെന്നും ആരോപണമുണ്ട്. തങ്ങള്‍ ചോദ്യങ്ങള്‍ എഴുതിക്കൊണ്ടുവന്നതാണെന്നും, എന്നാല്‍ ഒരു ചോദ്യം പോലും ചോദിക്കാന്‍ അനുവദിച്ചില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
സമരക്കാര്‍ യോഗം നടന്ന ഹാളില്‍ തള്ളിക്കയറി എംഎല്‍എയെ തടഞ്ഞുവച്ചു. തുടര്‍ന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ മാറ്റുകയായിരുന്നു. ഹാളിനു പുറത്ത് സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷം രൂക്ഷമായപ്പോള്‍ പൊലീസ് രണ്ടുതവണ ലാത്തിവീശി. കോഴിക്കോട് ആവിക്കല്‍ തോട് മലിനജല പ്ലാന്റ് നടപ്പാക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി, കഴിഞ്ഞ കുറേ നാളുകളായി ജനങ്ങള്‍ പ്രതിഷേധത്തിലാണ്.