ശരണം വിളിച്ച് എന്‍.സി.സി. പരേഡ്;വേദിയൊരുക്കുക മാത്രമാണ് ഡി.ബി കോളേജ് ചെയ്തിട്ടുള്ളതെന്ന് പ്രിന്‍സിപ്പാള്‍

0
508

തിരുവനന്തപുരം: രണ്ട് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശരണം വിളിച്ചുകൊണ്ടുള്ള എന്‍.സി.സി. പരേഡിന്റെ വീഡിയോയില്‍ വിശദീകരണവുമായി ശാസ്താംകോട്ട ഡി.ബി കോളേജ് അധികൃതര്‍. സംഭവത്തില്‍ ഡി.ബി കോളേജിനോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കോ പങ്കില്ലെന്ന് പ്രിന്‍സിപ്പാള്‍ ഡോ.ബി. ബീന പറഞ്ഞു.

‘പുറത്ത് നിന്നുള്ള ഒരു കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഏഴ് ദിവസം ഇവിടെ ക്യാമ്പ് നടത്തിയിരുന്നു. ആ ക്യാമ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ക്യാമ്പിന് വേദിയൊരുക്കുക മാത്രമാണ് കോളേജ് ചെയ്തിട്ടുള്ളത്. ഡി.ബി കോളേജിലെ എന്‍.സി.സി വിഭാഗത്തിനോ ബന്ധപ്പെട്ട അദ്ധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ പ്രചരിക്കുന്ന വീഡിയോയില്‍ പങ്കില്ല.

പരേഡില്‍ ശരണം വിളിച്ചോ എന്ന കാര്യത്തിലും ഉറപ്പ് ലഭിച്ചിട്ടില്ല. ശരണം വിളിച്ചുകൊണ്ട് പരേഡ് നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റില്ലെന്നാണ് ബന്ധപ്പെട്ടവരുമായി സംസാരിച്ചപ്പോള്‍ ലഭിച്ച വിശദീകരണം. സാധാരണ രീതിയില്‍ എന്‍.സി.സി പരേഡുകളില്‍ ഇത്തരണം ശരണം വിളികളോ നാടന്‍ പാട്ടുകളോ ഉപയോഗിക്കാറുണ്ട്. അത് പരേഡിന്റെ താളത്തിന് വേണ്ടിയാണെന്നാണ് എന്‍.സി.സി അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിശദീകരണം’ ശാസ്താംകോട്ട ഡി.ബി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബി. ബീന പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിള്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ എന്‍.സി.സി പരേഡ് എന്ന തരത്തില്‍ ശരണം വിളിച്ചുകൊണ്ടുള്ള എന്‍.സി.സി പരേഡിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. കേരളത്തിലെ ഒരു കോളേജില്‍ ഇങ്ങനെയൊക്കെ നടക്കുമോ എന്ന സംശയത്തോടെയാണ് പലരും ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ ഫേക്കാണെന്ന തരത്തിലും പ്രചരണങ്ങളുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് പ്രസ്തുത വീഡിയോയിലുള്ളത് ഡി.ബി കോളേജിലെ വിദ്യാര്‍ത്ഥികളല്ല എന്ന വിശദീകരണവുമായി കോളേജ് അധികൃതര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ കോളേജില്‍ എന്‍.സി.സി ചുമതലയുള്ള അദ്ധ്യാപകന്‍ മധുവും സംഭവത്തില്‍ കോളേജിനോ കോളേജിലെ എന്‍.സി.സി വിഭാഗത്തിനോ പങ്കില്ലെന്ന് വശദമാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിയ്ക്കുന്ന വീഡിയോ ഇതാണ്

അതേസമയം ‘സ്വാമിയേ ശരണമയ്യപ്പാ’ എന്നത് ഇന്ത്യന്‍ ആര്‍മിയുടെ ബ്രഹ്‌മോസ് റജിമെന്റ് ‘വാര്‍ക്രൈ’ അഥവാ സൈനിക യൂണിറ്റുകളുടെ മുദ്രാവാക്യമായി ഉപയോഗിക്കാറുണ്ട്. ശരണം വിളിക്കു പുറമെ ജയ്ശ്രീരാം, കാളികാ മാതാ കീ ജയ്, ദുര്‍ഗ മാതാ കീ ജയ് തുടങ്ങി നിരവധി മുദ്രാവാക്യങ്ങളും ഇന്ത്യയിലെ വിവിധ സൈനിക യൂണിറ്റുകള്‍ അവരുടെ ‘വാര്‍ക്രൈ’ ആയി ഉപയോഗിച്ചു വരുന്നുണ്ട്.

Leave a Reply