സൈന്യം രക്ഷപ്പെടുത്തിയ ബാബു ആശുപത്രി വിട്ടു,യാത്രകള്‍ തുടരും

0
30

മലമ്പുഴ ചെറാട് മലയില്‍ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബു ആശുപത്രി വിട്ടു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് ബാബുവിനെ സ്വീകരിച്ചത്.കുഴപ്പമൊന്നുമില്ലെന്നും താന്‍ ഒകെയാണെന്നുമാണ് ആശുപത്രിയില്‍ നിന്ന് പുറത്തേക്കിറങ്ങിയ ബാബു പ്രതികരിച്ചത്. യാത്രകള്‍ തുടരുമെന്നും ഭയമില്ലെന്നും ബാബു പറഞ്ഞു. ബാബുവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ബാബുവിനെ ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്തത്.

ഇന്നലെ നടത്തിയ പരിശോധനയില്‍ ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടു പരിശോധനകള്‍ നടത്തിയ ശേഷമാണ് ബാബുവിനെ ഡിസ്ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇത്രയും പെട്ടെന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ലെന്നും കൂടെ നിന്ന എല്ലാവരോടും നന്ദി പറയുന്നെന്നും ബാബുവിന്റെ മാതാവ് റഷീദ പറഞ്ഞു.

പാലക്കാട് ചെറാട് കുര്‍മ്പാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകള്‍ക്ക് ശേഷം സൈന്യമാണ് വ്യാഴാഴ്ച ഉച്ചയോടെ രക്ഷപ്പെടുത്തിയത്.തുടര്‍ന്ന് ഹെലികോപ്ടറില്‍ കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ച ബാബുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കേരളം ഇതുവരെ കാണാത്ത രക്ഷാദൗത്യത്തിനാണ് ഫെബ്രുവരി 9ന് സാക്ഷ്യം വഹിച്ചത്.

Leave a Reply