ബാബുവിനെ മലയുടെ മുകളിലെത്തിച്ചു, പതിനൊന്ന് മണിയോടെ താഴെയെത്തും; ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ ആര്‍മി

0
61

43 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയകരം. ദൗത്യസംഘം ബാബുവിനെ ബെല്‍റ്റ് ധരിപ്പിച്ച് മുകളിലേക്ക് എത്തിച്ചു. സുരക്ഷാബെല്‍റ്റും ഹെല്‍മെറ്റും ധരിപ്പിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. മലമുകളിലെത്തിയ ശേഷം ഹെലികോപ്റ്ററിലാകും താഴെ എത്തിക്കുക. പതിനൊന്ന് മണിയോടെ താഴെയെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മലമുകളില്‍ തമ്പടിച്ച ശേഷമാണ് ബാബുവിനെ രക്ഷിക്കുന്നതിനു വേണ്ടി കരസേനാ ഉദ്യോഗസ്ഥര്‍ ദൗത്യം ആരംഭിച്ചത്. താഴെ ബാബുവിനെ കാത്ത് ഡോക്ടര്‍ അടക്കം ഒരു വൈദ്യ സംഘവും കാത്തുനില്‍ക്കുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം തുടര്‍ന്നുള്ള വൈദ്യസഹായം ഇവര്‍ നല്‍കും. ബാബുവിനെ താഴെ എത്തിച്ചാലുടന്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റും. ഇതിനായി ആശുപത്രിയിലും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി.

രക്ഷാദൗത്യത്തിന് 30 അംഗ സംഘമാണ് രംഗത്തുള്ളത്. രണ്ട് സംഘമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ഡോക്ടര്‍മാരും ഫോറസ്റ്റ് വാച്ചർമാരും സംഘത്തിലുണ്ട്. 

കരസേനയുടെ രണ്ട് യൂണിറ്റുകള്‍ സംഭവസ്ഥലത്തുണ്ടെന്നും രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു സംഘം മലയുടെ മുകളില്‍ നിന്നും ഒരു സംഘം മലയുടെ താഴെ നിന്നും രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇന്ന് പകലോടെ യുവാവിനെ മലയിടുക്കില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എയര്‍ഫോഴ്‌സിന്റെ ഒരു ഹെലിക്കോപ്റ്ററും രക്ഷാപ്രവർത്തനത്തിന് തയ്യാറായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സൂലൂരില്‍നിന്നും ബെംഗളൂരുവില്‍നിന്നുമുള്ള കരസേനാംഗങ്ങള്‍ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സേനയെത്തിയത്. ലഫ്. കേണല്‍ ഹേമന്ദ്രാജിന്റെ നേതൃത്വത്തില്‍ ഒമ്പതുപേരടങ്ങിയ സംഘമാണ് സൂലൂരില്‍നിന്നെത്തിയത്. തുടര്‍ന്ന്, കളക്ടര്‍ മൃണ്‍മയി ജോഷിയുമായും ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥുമായും ചര്‍ച്ച നടത്തിയശേഷം നാട്ടുകാരില്‍ ചിലരെ ഒപ്പം കൂട്ടി കരസേനാംഗങ്ങള്‍ മലകയറുകയായിരുന്നു.

Leave a Reply