കോവിഡ് കാലത്ത് തൊഴിൽ നഷ്ടമായതിനെത്തുടർന്ന് പാർക്കിൽ അഭയം തേടിയ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാലോട് സ്വദേശി സോമുവാണ് (45) മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. ഹോട്ടൽ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന് കോവിഡ് പ്രതിസന്ധിയെത്തുടർന്നാണ് ജോലി നഷ്ടമായത്. കഴിഞ്ഞ നാല് മാസമായി മനാമ അൽ ഹംറ തിയറ്ററിന് സമീപത്തെ പാർക്കിലാണ് താമസിച്ചിരുന്നത്. രാവും പകലും പാർക്കിൽ കഴിഞ്ഞ ഇദ്ദേഹത്തിന് ആരെങ്കിലും നൽകുന്ന ഭക്ഷണമായിരുന്നു ആശ്രയം. ഇദ്ദേഹത്തിെൻറ അവസ്ഥ കണ്ട് ഇടപെട്ട ചില സാമൂഹിക പ്രവർത്തകർ സഹായം വാഗ്ദാനം ചെയ്തെങ്കിലും സ്വീകരിക്കാൻ വിസമ്മതിക്കുകയായിരുന്നുവെന്ന് പറയുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് പാർക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) പ്രവർത്തകർ ഇന്ത്യൻ എംബസിയെ വിവരം അറിയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിെൻറ ഒപ്പമുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയെ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നുണ്ട്